എന്തിനും തയ്യാർ; പാക് പ്രകോപനത്തിന് മറുപടിയുമായി ഇന്ത്യയുടെ നാവികസേന

പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യൻ കര-നാവിക സേനകൾ. ഏത് സാഹചര്യവും നേരിടാൻ സൈന്യം സർവ്വ സജ്ജമെന്ന് നാവിക സേന എക്‌സിൽ കുറിച്ചു. അതിർത്തിയിൽ പാകിസ്താൻ പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് കര-നാവിക സേനയുടെ മുന്നറിയിപ്പ്.

ഏത് സാഹചര്യവും എപ്പോഴും എവിടെയും നേരിടാൻ സൈന്യം സജ്ജമാണ് എന്നാണ് നാവിക സേന വ്യക്തമാക്കുന്നത്. സാമൂഹികമാധ്യമങ്ങളിൽ അഞ്ച് പടക്കപ്പലുകളുടെ ചിത്രങ്ങൾ പങ്കുവെച്ചാണ് ദൗത്യത്തിന് തയ്യാറാണെന്ന് നാവികസേന കുറിച്ചത്. ‘എവിടെയും എപ്പോഴും എങ്ങനെയും ദൗത്യത്തിന് തയ്യാർ’ എന്നാണ് നാവികസേന ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

അതേസമയം അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വീണ്ടും പാകിസ്താൻ വെടിയുതിർത്തു. ഇതിന് ശക്തമായി തന്നെ സൈന്യം തിരിച്ചടി നൽകി. ഇതിനിടെ പഹൽഗാം ആക്രമണവുമായി ബന്ധമുള്ള രണ്ട് പ്രാദേശിക ഭീകരരുടെ വീടുകൾ കൂടി സൈന്യം തകർത്തു.

അഫ്‌സാൻ ഉൾ ഹഖ്, ഹാരിസ് അഹമ്മദ് എന്നിവരുടെ വീടുകളാണ് തകർത്തത്. കഴിഞ്ഞ ദിവസം ത്രാൽ മേഖലയിലും രണ്ടു വീടുകൾ സൈന്യം തകർത്തിരുന്നു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കുൽഗാമിൽ തീവ്രവാദികളുമായി ബന്ധമുള്ള രണ്ട്‌പേരെ അറസ്റ്റ് ചെയ്തു.

പാകിസ്താന്, ഒരു തുള്ളി വെള്ളം പോലും നൽകരുതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ നിർദ്ദേശം നൽകി. ഇന്നലെ ജലശക്തി മന്ത്രിയുമായി നടന്ന ചർച്ചയിലാണ് അമിത് ഷായുടെ നിർദേശം.

അതേസമയം സിന്ധു നന്ദിജലം പാകിസ്താന്റെ നിലനിൽപിന് അനിവാര്യമെന്നും വെള്ളം തടഞ്ഞാൽ സൈനികമായി തിരിച്ചടിക്കുമെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. പഹൽഗാം ആക്രമണത്തിൽ നിഷ്പക്ഷ അന്വേഷണത്തിന് പാകിസ്താൻ തയ്യാറെന്നും സുതാര്യമായി അന്വേഷണം നടത്തണമെന്നും ഷഹബാസ് ഷെരീഫ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *