പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെയുണ്ടായ വെടിവെപ്പിൽ യുവാവിന്റെ കഴുത്തിന് പരിക്കേറ്റു. ചെമ്പ്രശ്ശേരി കൊറത്തിതൊടികയിലെ കുടുംബക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷമുണ്ടായതോടെ യുവാവ് വെടിയുതിർക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ചെമ്പ്രശേരി ഈസ്റ്റ് സ്വദേശി 32 വയസുള്ള ലുഖ്മാനുൽ ഹകീമിനാണ് വെടിയേറ്റത്.
ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, പ്രദേശത്ത് നേരത്തെ നടന്ന ഉത്സവത്തിൽ പ്രാദേശികമായി ചേരി തിരിഞ്ഞ് സംഘർഷമുണ്ടായിരുന്നു. കൊടശ്ശേരി-ചെമ്പ്രശ്ശേരി ഈസ്റ്റ് പ്രദേശങ്ങൾ തമ്മിലായിരുന്നു സംഘർഷം. ഇതിന് പിന്നാലെ വെള്ളിയാഴ്ച രാത്രി നടന്ന ഉത്സവത്തിലും സംഘർഷമുണ്ടാവുകയായിരുന്നു.