വേനൽക്കാലമായതിനാൽ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി.വേനൽക്കാലത്ത് ജലസ്രോതസുകളിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് കാരണം ചെളിയിലെ അമീബയുമായി സമ്പർക്കം കൂടുതലുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുന്നവർ ശ്രദ്ധിക്കണമെന്നും വാട്ടർ ടാങ്കുകൾ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കൂടാതെ സ്വിമ്മിങ് പൂളുകൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. കൂടാതെ തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്തു തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടണമെന്നും വീണാ ജോർജ് മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് 2024ൽ 38 കേസുകളും 8 മരണവും 2025ൽ 12 കേസുകളും 5 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ആരംഭസമയത്ത് കൃത്യമായി രോഗം തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നത് കൊണ്ടാണ് അവരിൽ ഭൂരിഭാഗം പേരേയും രക്ഷിക്കാനായത് എന്നും മന്ത്രി പറഞ്ഞു. ആഗോള തലത്തിൽ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. മികച്ച പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ മരണ നിരക്ക് 25 ശതമാനമാക്കി കുറയ്ക്കാൻ സാധിച്ചു. ലോകത്തു തന്നെ ഇത്തരത്തിൽ രോഗമുക്തി കൈവരിച്ചിട്ടുള്ളതു 11 പേർ മാത്രമാണ്. അതേസമയം കേരളത്തിൽ 37 പേരെ രക്ഷിക്കാനായി. മസ്തിഷ്‌ക ജ്വരം സംശയിക്കുന്ന എല്ലാ രോഗികളിലും അമീബിക്ക് മസ്തിഷ്‌ക ജ്വരം നിർണയിക്കാനുള്ള പരിശോധന കൂടി നടത്താൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.