സ്റ്റണ്ട് കൊറിയോഗ്രാഫിക്ക് ഓസ്കർ നൽകാനൊരുങ്ങി അക്കാദമി

സിനിമയിലെ സ്റ്റണ്ട് വർക്കുകൾക്ക് ഇനി ഓസ്‌കർ ലഭിക്കും. 2028 മുതൽ സ്റ്റണ്ട്മാൻമാരുടെ പ്രയത്‌നത്തിനെ അംഗീകരിക്കാൻ തീരുമാനിച്ചതായി ദി അക്കാദമി ഓഫ് ദി മോഷൻ പിക്ച്ചർ ആർട്ട്‌സ് ആൻഡ് സയൻസസ് ഡയറക്ടർ ബോർഡ് അറിയിച്ചു. സിനിമയിലെ സ്റ്റണ്ട് വർക്കിന് സിനിമയോളം തന്നെ പഴക്കമുണ്ട്. എന്നാൽ സിനിമയിലെ ഏറ്റവും അപകടകരമായ ജോലിക്ക് അംഗീകാരം നൽകാനുള്ള തീരുമാനത്തിന് ഒരു നൂറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു. സ്റ്റണ്ട് വർക്കിനെ അവാർഡിന് പരിഗണിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

ഡെഡ്പൂൾ 2, ബുള്ളെറ്റ് ട്രെയിൻ, ഫാൾ ഗൈ, അറ്റോമിക്ക് ബ്ലോണ്ട്, ഫാസ്റ്റ് ആൻഡ് ഫ്യുരിയസ് : ഹോബ്‌സ് ആൻഡ് ഷോ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ഡേവിഡ് ലെയ്ച്ച് ആണ് സ്റ്റണ്ട് വർക്കിനെ ഓസ്‌കറിന് പരിഗണിക്കാൻ മുൻകൈ എടുത്തത്. സ്റ്റണ്ട്മാൻ ആയി കരിയർ ആരംഭിച്ച് സംവിധാന രംഗത്തേക്ക് കടന്ന ഡേവിഡ് ലെയ്ച്ചിന്റെ അവസാന ചിത്രമായ ‘ഫാൾ ഗൈ’ ഒരു സ്റ്റണ്ട്മാന്റെ ജീവിതമാണ് പ്രമേയമാക്കിയത്.

”ജോണർ വ്യത്യാസമില്ലാതെ എല്ലാ തരം സിനിമകൾക്കും എന്തെങ്കിലും ഒരു തരം സ്റ്റണ്ട് വർക്ക് ആവശ്യമായി വരാറുണ്ട്. ബസ്റ്റർ കീറ്റൺ, ചാർളി ചാപ്ലിൻ, ഹാരോൾഡ് ലോയ്ഡ്, പോലുള്ള നടന്മാരിലൂടെയും സ്റ്റണ്ട് കോർഡിനേറ്റേഴ്സ്, ഡിസൈനേഴ്‌സ്, പെർഫോർമേഴ്സ് തുടങ്ങിയവരിലൂടെയും ഈ തൊഴിൽ മേഖല സിനിമയുടെ ആഴങ്ങളിൽ വേരോടിയിരിക്കുന്നു. ഈ മേഖലയിൽ പ്രവർത്തിച്ച അനേകം മഹാരഥന്മാരുടെ തോളിലേറി നിന്നുകൊണ്ട് ഇങ്ങനെയൊരു നിമിഷത്തിനു വേണ്ടി ഒരുപാട് കാലമായി യത്‌നിക്കുന്നു, അക്കാദമിക്ക് നന്ദി” ഡേവിഡ് ലെയ്ച്ച് പറയുന്നു, 2027ൽ റിലീസ് ചെയ്യുന്ന സിനിമകളാണ് ആദ്യ സ്റ്റണ്ട് കൊറിയോഗ്രഫി ഓസ്‌കറിന് പരിഗണിക്കുക.

Leave a Reply

Your email address will not be published. Required fields are marked *