മലയാളത്തിലെ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ പ്രസ്താവനയിൽ വിവാദം കത്തുകയാണ്. ലിസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി നടിയും നിർമാതാവുമായ സാന്ദ്ര തോമസ് രംഗത്തെത്തി. ലിസ്റ്റിന്റെ പ്രസ്താവന മലയാളത്തിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതാണെന്ന് അവർ പറഞ്ഞു. ലിസ്റ്റിൻ സ്റ്റീഫനെ അടിയന്തിരമായി പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്റെ ഭാരവാഹിത്വത്തിൽ നിന്ന് മാത്രമല്ല പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്നും സാന്ദ്ര ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
സാന്ദ്ര തോമസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹിക്കും അസോസിയേഷനിൽ വിശ്വാസമില്ലാതായോ സിനിമ സംഘടനകളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളിൽ പ്രധാനം സിനിമക്കകത്തു ഉണ്ടാകുന്ന പ്രശ്‌നങ്ങളെ രമ്യതയിൽ പരിഹരിക്കുക എന്നുള്ളതാണ്. എന്നാൽ ഇന്നലെ ഒരു പൊതുവേദിയിൽ വെച്ച് പ്രൊഡ്യൂസഴ്‌സ് അസോസിയേഷൻ ഭാരവാഹി കൂടിയായ ശ്രീ ലിസ്റ്റിൻ സ്റ്റീഫൻ പരസ്യമായി മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട് നടത്തിയ പ്രസ്താവന അനുചിതവും സംഘടനാ ചട്ടങ്ങൾക്ക് വിരുദ്ധവുമാണ്.
മലയാള സിനിമക്ക് ദോഷം ചെയ്യുന്ന ഇത്തരം പ്രസ്താവനകൾ നടത്തുന്ന ശ്രീ ലിസ്റ്റിൻ സ്റ്റീഫനെ അടിയന്തിരമായി പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്റെ ഭാരവാഹിത്തത്തിൽ നിന്ന് മാത്രമല്ല പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കണം.
എനിക്കുണ്ടായ വ്യക്തിപരമായ വിഷയത്തിൽ രാജ്യത്തു നിലനിൽക്കുന്ന നിയമങ്ങൾക്ക് വിധേയമായി ഞാൻ മുന്നോട്ട് പോയപ്പോൾ എന്നെ സസ്പെൻഡ് ചെയ്യാൻ കാണിച്ച (കോടതിയിൽ നിലനിന്നില്ല എങ്കിൽപ്പോലും) പ്രൊഡ്യൂസഴ്‌സ് അസോസിയേഷൻ നേതൃത്വം ശ്രീ ലിസ്റ്റിൻ സ്റ്റീഫനെ പുറത്താക്കാനുള്ള ആർജ്ജവം കാണിക്കണം. കൂടാതെ ഉന്നതബോഡി എന്ന നിലയിൽ കേരളാ ഫിലിം ചേംബർ സ്വമേധയാ ഈ വിഷയത്തിൽ ഇടപെട്ട് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.