എനിക്ക്‌ ക്യാൻസർ വരാൻ കാരണം അൽഫാമാണ്; കരിഞ്ഞ ഭാഗം ഒരുപാട് ഇഷ്ടമാണ്: വെളിപ്പെടുത്തലുമായി നടൻ സുധീർ സുകുമാരൻ

കൊച്ചി രാജാവ്, ഭയ്യ ഭയ്യ അടക്കമുള്ള നിരവധി ചിത്രങ്ങളിൽ വില്ലൻ വേഷങ്ങൾ ചെയ്ത് ശ്രദ്ധ നേടിയ നടനാണ് സുധീർ സുകുമാരൻ. ക്യാൻസറിനെ അതിജീവിച്ച ഒരാൾ കൂടിയാണ് സുധീർ. 2021ലാണ് സുധീറിന് മലാശയ ക്യാൻസർ സ്ഥിരീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ.

രക്തസ്രാവമുണ്ടായെങ്കിലും പൈൽസാണെന്ന് കരുതി ആദ്യം അവഗണിച്ചിരുന്നുവെന്ന് നടൻ പറയുന്നു. ഒരിക്കൽ മെഗാസ്റ്റാർ മമ്മൂട്ടി തന്റെ മസിലിന് പഴയ പവറില്ലല്ലോ, എന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും അതും കാര്യമായെടുത്തില്ല. ഒരു തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനിടെ മാരകമായ രീതിയിൽ രക്തസ്രാവമുണ്ടായി. തുടർന്ന്‌ ഡോക്ടറെ കാണിച്ച്, വിശദമായ പരിശോധന നടത്തിയതോടെ ക്യാൻസറാണെന്ന് കണ്ടെത്തി.

ഉടൻ തന്നെ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ കഴിഞ്ഞ് ഒരുമാസമായപ്പോഴേക്കും സംഘട്ടന രംഗത്തിൽ അഭിനയിച്ചു. ഇതിനിടയിൽ പല തവണ തുന്നലിൽ നിന്ന് ചോര വന്നെന്നും തിരുവല്ല ബിലീവേഴ്സ് ചർച്ചിൽ നടന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

എന്താണ് ക്യാൻസർ വരാൻ കാരണമെന്ന് കുറേ ആലോചിച്ചു. ഒടുവിൽ അൽഫാമാണ് കാരണമെന്ന് മനസിലായി. അൽഫാമിന്റെ കരിഞ്ഞ ഭാഗം ഒരുപാട് ഇഷ്ടമാണ്. കുറേ കഴിച്ചു. എന്നാൽ ഒപ്പം പച്ചക്കറി കഴിച്ചുമില്ല. ഇതാണ് കാരണമെന്നാണ് താൻ സംശയിക്കുന്നത്. അൽഫാം കഴിക്കുന്നവർ പച്ചക്കറി കൂടി കഴിക്കാൻ ശ്രദ്ധിക്കണമെന്നും നടൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *