അതിക്രമങ്ങളിൽ തെളിവ് എങ്ങനെ കാണിക്കും?, സെൽഫിയെടുക്കുമോ; ഡബ്ല്യൂസിസിയെ കുറിച്ച് അഭിമാനമെന്ന് ഷീല

സ്ത്രീകൾക്കുനേരെ പെട്ടെന്നുണ്ടാകുന്ന അതിക്രമങ്ങളിൽ തെളിവ് എങ്ങനെ കാണിക്കുമെന്ന് നടി ഷീല. ഒരാൾ ഓടിവന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാൽ തെളിവിന് വേണ്ടി സെൽഫിയെടുക്കാനാകുമോയെന്ന് നടി ചോദിച്ചു. കരിയർ വരെ പോയിട്ടും നീതിക്കായി പോരാടിയ ഡബ്ല്യൂസിസിയോട് ഒരുപാട് ബഹുമാനമുണ്ടെന്നും ഷീല പറഞ്ഞു.

‘ടിവിയിൽ ഇതൊക്കെ കണ്ടപ്പോൾ എനിക്ക് ഭയങ്കര അത്ഭുതവും സങ്കടവും തോന്നി. പരാതിയുമായി പോലീസിന്റെ അടുത്ത് പോയാലും കോടതിയിൽ പോയാലും എന്താണ് തെളിവ് എന്നാണ് ചോദിക്കുന്നത്. ഒരാൾ ഓടി വന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാൽ നമ്മൾ ഉടനെ സെൽഫിയെടുക്കുമോ. ഒന്നുകൂടി ഉമ്മ വെക്കൂ, തെളിവിനായി സെൽഫി എടുക്കട്ടെ എന്ന് ചോദിക്കുമോ. അങ്ങനെയൊന്നും പറയില്ല. പണ്ടൊക്കെ ആരെങ്കിലും ലാൻഡ് ഫോണിലൂടെ വിളിച്ച് വല്ലതും പറഞ്ഞാൽ റെക്കോഡ് ചെയ്ത് വെക്കാനാകുമോ. എങ്ങനെയാണ് തെളിവ് കാണിക്കുക.

ഡബ്ല്യൂസിസിയോട് ഒരുപാട് ബഹുമാനമുണ്ട്. അന്ന് മുതൽ ഇന്ന് വരെ അവർ എത്രയാണ് പോരാടുന്നത്. നടികളുടെ കരിയർ തന്നെ പോയി. എന്ത് സുന്ദരികളാണ്, എന്ത് കഴിവുള്ളവരാണ്. അവരുടെ കരിയർ പോയല്ലോ. ഇതിന് വേണ്ടി അവരെന്തെല്ലാം ചെയ്തു.

പവർ ഗ്രൂപ്പ് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇപ്പോൾ കേൾക്കുമ്പോഴാണ് ഇങ്ങനെയൊക്കെ ഉണ്ടല്ലോ എന്ന് മനസ്സിലാകുന്നത്. ഒരു നടിയുടെ ജീവിതത്തിൽ കയറി കളിക്കുക എന്നാൽ സാധാരണ കാര്യമാണോ. സ്ഥാനാർഥി സാറാമ്മ, കള്ളിച്ചെല്ലമ്മ തുടങ്ങി എന്റെ പേരിലുള്ള സിനിമകൾ വന്നിട്ടുപോലും എനിക്ക് പുരുഷന്മാരെക്കാൾ വേതനം കിട്ടിയിട്ടില്ല. പണം തരില്ല അവർ. സ്ത്രീക്ക് പ്രാധാന്യം ഉള്ള കഥാപാത്രമുള്ള സിനിമയാണെങ്കിൽ അവർക്ക് കൂടുതൽ വേതനം കൊടുക്കണം’, ഷീല പറഞ്ഞു.

തങ്ങളുടെ കാലത്തും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഷീല പറയുന്നു. സെറ്റിൽ ചില സ്ത്രീകൾ അവർ നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ച് അങ്ങോട്ടും ഇങ്ങോട്ടും പറയുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. അന്നൊന്നും അത് തുറന്നു പറയാനുള്ള അവസരങ്ങളോ സാഹചര്യങ്ങളോ ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ ഷീല കുറ്റക്കാർ ശിക്ഷിപ്പെടണമെന്നും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *