സുതാര്യത ഉറപ്പുവരുത്താൻ സുപ്രീംകോടതി ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഏപ്രിൽ ഒന്നിലെ ഫുൾ കോർട്ട് തീരുമാനത്തെ തുടർന്നാണ് ഈ നടപടിയെന്ന് കോടതി അറിയിച്ചു.21 ജഡ്ജിമാരുടെ വിവരങ്ങളാണ് ഇതുവരെ അപ്ലോഡ് ചെയ്തിരിക്കുന്നത്.
120.96 കോടി രൂപയാണ് ജസ്റ്റിസ് കെ.ആർ.വിശ്വനാഥന്റെ നിക്ഷേപം. കഴിഞ്ഞ 10 വർഷത്തിൽ അദ്ദേഹം 91 കോടി രൂപ നികുതിയായി അടച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്നയ്ക്ക് 3.38 കോടി രൂപയുടെ നിക്ഷേപമുണ്ട്.12 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല. ഇവരുടേത് ഉടൻ അപ്ലോഡ് ചെയ്യുമെന്ന് സുപ്രീം കോടതി പ്രസ്താവനയിൽ അറിയിച്ചു.
2022 നവംബർ ഒമ്പതു മുതൽ 2025 മേയ് അഞ്ചുവരെ സുപ്രീംകോടതി കൊളീജിയം നിയമന ശുപാർശ അംഗീകരിച്ച ജഡ്ജിമാരുടെ പേര്, ഏതു ഹൈക്കോടതി, നിയമിച്ച ദിവസം, ഇവർക്ക് നിലവിലുള്ളതോ വിരമിച്ചതോ ആയ സുപ്രീംകോടതി/ഹൈക്കോടതി ജഡ്ജിമാരുമായി ബന്ധമുണ്ടോ, നിയമനത്തിൽ ഹൈക്കോടതി കൊളീജിയത്തിന്റെ ചുമതലകൾ, സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ ചുമതലയും നൽകിയ നിർദേശങ്ങളും, ഇവ പരിഗണിച്ച സുപ്രീം കോടതി കൊളീജിയത്തിന്റെ ചുമതലകളും നടപടികളും എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ കാലഘട്ടത്തിൽ നിയമിതരായ 170 ഹൈക്കോടതി ജഡ്ജിമാരിൽ 12 പേർ മറ്റ് ജഡ്ജിമാരുടെ ബന്ധുക്കളാണ്.