വ്യാജ ബോംബ് ഭീഷണിയിൽ തിരുവനന്തപുരത്ത് അതീവ ജാഗ്രത; ഉറവിടം കണ്ടെത്താനാകാതെ പൊലീസ്

വ്യാജ ബോംബ് ഭീഷണികളിൽ തിരുവനന്തപുരത്ത് അതീവ ജാഗ്രത തുടരുന്നു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ വിമാനത്താവളം, തമ്പാനൂർ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഇന്നലെ ഇമെയിൽ മുഖേന ബോംബ് ഭീഷണികൾ ലഭിച്ചിരുന്നു. തുടർന്നും പൊലീസും സുരക്ഷാ ഏജൻസികളും വ്യാപക പരിശോധന നടത്തി.
തലസ്ഥാനത്തെ മൂന്നു നക്ഷത്ര ഹോട്ടലുകൾക്കും ബോംബ് ഭീഷണിയുണ്ടായി. സെക്രട്ടേറിയറ്റിനു സമീപത്തെ ഹോട്ടൽ ഹിൽട്ടൻ, ഗോകുലം ഗ്രാന്റ്‌സിന്റെ ആക്കുളത്തെയും കോവളത്തെയും ഹോട്ടലുകൾ എന്നിവിടങ്ങളിലും ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു.

തുമ്പ, കോവളം പൊലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിൽ ഹോട്ടലുകളിൽ പരിശോധനകൾ നടത്തി.കൂടാതെ ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, അഗ്‌നിരക്ഷാസേന എന്നിവയുടെ സഹായത്തോടെ വ്യാപക പരിശോധന നടത്തിയെങ്കിലും എവിടെയും സംശയകരമായ ഒന്നും കണ്ടെത്താനായില്ല.

തമ്പാനൂരിലെ ഹോട്ടൽ ഹൈസിന്തിന്റെ ഔദ്യോഗിക ഇമെയിലിലാണ് ഹോട്ടൽ ഹിൽട്ടനിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയുള്ള സന്ദേശം ലഭിച്ചത്. ഇതോടൊപ്പം, വെള്ളിയാഴ്ച വഞ്ചിയൂരിലെ ജില്ലാ കോടതിയിലേക്കും സമാനമായ ഭീഷണി സന്ദേശം എത്തിയിരുന്നു. 15നും ഇതേ രീതിയിൽ ഭീഷണികൾ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.

സൈബർ ക്രൈം പൊലീസ് കേസുകൾ റജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് നേതൃത്വം നൽകുകയാണ്. നഗരത്തിൽ കഴിഞ്ഞ എട്ടു മാസത്തിനിടെ 14 തവണ വ്യാജ ബോംബ് ഭീഷണികൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വ്യാജ ഭീഷണികൾ പതിവാകുമ്പോഴും സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ കഴിയാത്തത് പൊലീസിനും സൈബർ വിഭാഗത്തിനും വലിയ വെല്ലുവിളിയാകുകയാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇതുമായി ബന്ധപ്പെട്ട് അഞ്ച് കേസുകൾ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *