നവി മുംബൈയിൽ ബാലികയെ കൊലപ്പെടുത്തിയ കേസിൽ അയൽക്കാരൻ അറസ്റ്റിലായി. രണ്ടരവയസ്സുകാരി ഹർഷിക ശർമയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കാണാതായ കുഞ്ഞിന്റെ മൃതദേഹം സ്വന്തം വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ ത്സാർഖണ്ഡ് സ്വദേശിയായ 29 വയസുള്ള മുഹമ്മദ് അൻസാരിയെ അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലെ കുളിമുറിയുടെ മുകളിലത്തെ നിലയിൽ ഉപേക്ഷിച്ച നിലയിൽ രാത്രി വൈകിയാണ് മൃതദേഹം കണ്ടെത്തിയത്. ജോലിക്ക് പോയിരുന്ന കുട്ടിയുടെ പിതാവിനെ ഉച്ചക്ക് ഒരു മണിയോടെ കുട്ടിയെ കാണാതായതായി ഭാര്യ അറിയിച്ചു. തുടർന്ന് ചൊവ്വാഴ്ച രാത്രി തലോജ പോലീസിൽ പരാതി നൽകി.
ബുധനാഴ്ച രാത്രി കുളിമുറിയുടെ മുകളിലത്തെ നിലയിൽ നിന്ന് മൃതദേഹമടങ്ങിയ ബാഗ് കണ്ടെത്തി. നവി മുംബൈ ക്രൈം ബ്രാഞ്ചിന്റെ യൂണിറ്റുമായി ചേർന്ന് തലോജ പോലീസ് ഡോഗ് സ്ക്വാഡുമായി സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ ബാഗ് അൻസാരിയുടേതാണെന്ന് കണ്ടെത്തി. അടുത്തിടെ പ്രതിക്ക് ഒരു ഓൺലൈൻ ഗെയിമിൽ 42,000 രൂപ നഷ്ടപ്പെട്ടിരുന്നു. പെൺകുട്ടിയുടെ പിതാവിൽ നിന്ന് പണം തിരിച്ചുപിടിക്കാൻ തട്ടിക്കൊണ്ടു പോകൽ ആസൂത്രണം ചെയ്യാൻ പ്രതി ഉദ്ദേശിച്ചിരുന്നതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പറഞ്ഞു.