ട്രംപിന്റെ പകരച്ചുങ്കത്തിന് പിന്നാലെ ഇടിഞ്ഞു വീണ സൗദി ഓഹരി വിപണി തിരിച്ചുകയറി. 2020ന് ശേഷമുള്ള മികച്ച തിരിച്ചുവരവാണ് സൗദി ഓഹരി വിപണിയിലുണ്ടായതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പകരച്ചുങ്കം താൽക്കാലികമായി നിർത്താൻ തീരുമാനിച്ചതിന് പിന്നാലെയാണ് നേട്ടം.
ഗൾഫിൽ ഉടനീളം ഓഹരി വിപണി തിരിച്ചു കയറുകയാണ്. ഇതിനൊപ്പം സൗദി ഓഹരി വിപണിയായ തദാവുലും മികച്ച നേട്ടമാണ് ഇന്നുണ്ടാക്കിയത്. 3.7% വർധനവാണ് ഇന്നുണ്ടായത്. അൽ റാജി ബാങ്കിന്റെ 3.2% വളർച്ച ഇതിൽ നിർണായകമായി. സൗദി നാഷണൽ ബാങ്ക് 5.5%വും സൗദി അരാംകോ 2.6% വും വളർച്ച നേടി.
ഗൾഫ് രാജ്യങ്ങളിൽ ഓഹരി വിപണിയിൽ മികച്ച നേട്ടമുണ്ടാക്കിയത് സൗദിയാണ്. സൗദിക്ക് മേൽ പത്ത് ശതമാനം അടിസ്ഥാന ചുങ്കമാണ് ട്രംപ് ഏർപ്പെടുത്തിയിരുന്നത്. എങ്കിലും ഇത് വൻ തിരിച്ചടി സൗദി ഓഹരി വിപണിയിലും എണ്ണ വിലയിലും സൃഷ്ടിച്ചു. എണ്ണ വില ഇടിഞ്ഞതിന്റെ ആഘാതം സൗദിക്ക് ചെറുതല്ലാത്ത നഷ്ടം സൃഷ്ടിച്ചിട്ടുണ്ട്.