ഇരട്ട നികുതി ഒഴിവാക്കൽ , നിക്ഷേപ സഹകരണം വർധിപ്പിക്കൽ ; കുവൈത്തും സൗദിയും കരാറിൽ ഒപ്പിട്ടു
ഇരട്ടനികുതി ഒഴിവാക്കാനും ഇരുരാജ്യങ്ങളും തമ്മിലെ നിക്ഷേപ സഹകരണം വർധിപ്പിക്കാനും കുവൈത്തും സൗദിയും. ഇവസംബന്ധിച്ച കരാറിൽ കുവൈത്ത് ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ നൂറ അൽ ഫസവും സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദാനും കരാറിൽ ഒപ്പുവെച്ചു.
നികുതി വെല്ലുവിളികളെ അഭിമുഖീകരിച്ച് വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കാനും അതുവഴി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും നിക്ഷേപകർക്ക് തുല്യ അവസരങ്ങൾ ഉറപ്പാക്കാനും കരാർ ലക്ഷ്യമിടുന്നു.
റിയാദിൽ നടന്ന സകാത്ത്, നികുതി, കസ്റ്റംസ് കോൺഫറൻസിന്റെ ഭാഗമായാണ് കരാർ ഒപ്പിട്ടത്. ‘സുസ്ഥിര സമ്പദ്വ്യവസ്ഥക്കും മെച്ചപ്പെട്ട സുരക്ഷക്കും വേണ്ടി ഭാവി രൂപപ്പെടുത്തൽ’ എന്ന പ്രമേയത്തിൽ നടന്ന കോൺഫറൻസിൽ കുവൈത്ത് ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ നൂറ അൽ ഫസാമും വിവിധ രാജ്യങ്ങളിലെ മന്ത്രിമാരും ഈ രംഗങ്ങളിലെ ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കെടുത്തു.
പാനൽ ചർച്ചകൾ, പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങളും ഉൾപ്പെടുന്ന പ്രദർശനം, വർക്ക് ഷോപ്പുകൾ, വിവിധ കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെക്കൽ എന്നിവയും നടന്നു.