കുവൈത്തിൽ 10 വയസിൽ താഴെയുള്ള കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി പോകരുത് ; നിയമം ലംഘിച്ചാൽ കർശന നടപടി
പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളെ നിർത്തിയിട്ട വാഹനത്തിൽ തനിച്ചാക്കി പോകുന്നവർക്കെതിരെ കർശന നടപടിയുമായി അധികൃതർ. ട്രാഫിക് കമ്മിറ്റി തലവൻ ബ്രിഗേഡിയർ മുഹമ്മദ് അൽ-സുബ്ഹാനാണ് ഇക്കാര്യം അറിയിച്ചത്.
വാഹനം നിർത്തിയിട്ട് ഡ്രൈവർ പുറത്തിറങ്ങുമ്പോൾ കുട്ടികൾ വാഹനത്തിൽ ഒറ്റക്ക് ആയിരിക്കാൻ പാടില്ല. ഒരാൾ എപ്പോഴും കുട്ടികളോടൊപ്പം ഉണ്ടായിരിക്കണം. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ ഡ്രൈവർ ശിശു സംരക്ഷണ നിയമപ്രകാരം ഉത്തരവാദിയായിരിക്കും.
ആറ് മാസം വരെ തടവോ 500 ദീനാർവരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാമെന്നും അദ്ദേഹം പറഞ്ഞു. പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾ എപ്പോഴും പിൻസീറ്റിൽ ഇരിക്കണം. സീറ്റ് ബെൽറ്റ് ധരിച്ചെന്ന് ഉറപ്പാക്കണം. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്താൻ ഫീൽഡ് പരിശോധന ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.
ഡ്രൈവർ, മുൻസീറ്റിൽ ഇരിക്കുന്ന യാത്രക്കാർ എന്നിവരുടെ സീറ്റ് ബെൽറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ എ.ഐ കാമറകൾക്ക് കണ്ടെത്താനാകും. പിൻസീറ്റിലെ സീറ്റ് ബെൽറ്റ് കാമറക്ക് കണ്ടെത്താൻ കഴിയാത്തതിനാലാണ് ഇതുസംബന്ധിച്ച് ഫീൽഡ് പരിശോധന നടത്തുന്നത്.