വേനൽകാല മാസങ്ങളിൽ ഉൽപാദന സമയം പുനഃക്രമീകരിക്കുന്നത് പരിഗണിക്കുന്നതായി കുവൈത്ത് ജല-വൈദ്യുതി മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധിച്ച് ഫെഡറേഷൻ ഓഫ് നാഷണൽ ഇൻഡസ്ട്രീസുമായി ചർച്ചകൾ നടത്തി വരുകയാണെന്ന് അധികൃതർ പറഞ്ഞു. തിരക്കേറിയ സമയങ്ങളിൽ ഉൽപാദനം കുറക്കുന്നതിലൂടെ പീക്ക് സമയങ്ങളിലെ വൈദ്യുതി ഉപഭോഗം കുറക്കാൻ കഴിയുമെന്ന വിലയിരുത്തലിലാണ് നീക്കം.
കഴിഞ്ഞ വർഷങ്ങളിൽ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ദുർവ്യയം കുറക്കാൻ നടത്തിയ ദേശീയ ബോധവത്കരണം വിജയകരമായിരുന്നുവെന്ന് മോണിറ്ററിങ് ആൻഡ് കൺട്രോൾ സെന്റർ ആക്ടിങ് അസി.അണ്ടർ സെക്രട്ടറി എൻജിനീയർ ഫാത്തിമ ഹയാത്ത് പറഞ്ഞു.