രാജ്യത്തെ 64-മത് ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കമാകുന്നു. ഫെബ്രുവരി രണ്ടിന് ബയാൻ പാലസിൽ പതാക ഉയർത്തൽ ചടങ്ങുകളോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് എല്ലാ ഗവർണറേറ്റുകളിലും പരാമ്പരാഗത രീതിയിലുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കാൻ പൊതു ജനങ്ങൾക്കും അവസരമുണ്ടായിരിക്കും. പ്രധാന മന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹിന്റെ നേതൃത്വത്തിൽ ബയാൻ പാലസിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
ഫെബ്രുവരി 25ന് കുവൈത്തിൽ ദേശീയ ദിനവും 26ന് വിമോചന ദിനവും ആഘോഷിക്കും. ഇത്തവണത്തെ ദേശീയ ദിനാഘോഷങ്ങളുടെ പ്രധാന ആകർഷണം ജനുവരി 21ന് ആരംഭിച്ച `യാ ഹലാ' ഷോപ്പിങ് ഫെസ്റ്റിവലാണ്. 70 ദിസം നീണ്ടുനിൽക്കുന്ന ഈ പരിപാടി മാർച്ച് 31നാണ് സമാപിക്കുക. ഫെബ്രുവരി ഒന്നിനാണ് പരിപാടികളുടെ നറുക്കെടുപ്പ് ആരംഭിക്കുന്നത്. 120 ആഡംബര കാറുകൾ ഉൾപ്പടെ 8 മില്ല്യൺ ഡോളറിലധികം സമ്മാനങ്ങളാണ് ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെലിബ്രേഷൻ ഓഫ് നാഷനൽ ഹോളിഡേഴ്സ് ആൻഡ് ഒക്കേഷണൽ സ്റ്റാൻഡിങ് കമ്മിറ്റി സംഘടിപ്പിക്കുന്ന യാ ഹലാ ഷോപ്പിങ് ഫെസ്റ്റിവലിൽ ഡ്രോൺ ഷോകൾ, വെടിക്കെട്ട് തുടങ്ങിയ പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്.