കാറ്ററിംഗ് കരാറുകളുടെ പേരിൽ തട്ടിപ്പ് ; കുവൈത്തിൽ മലയാളികൾ ഉൾപ്പെടുന്ന സംഘം തട്ടിയത് കോടികൾ
കാറ്ററിങ് കരാറുകളുടെ പേരിൽ മൂന്ന് മലയാളികൾ ഉൾപ്പെട്ട സംഘം കുവൈത്തിൽ നിന്ന് തട്ടിയത് കോടികൾ. വകദ് ഇന്റർനാഷനൽ എന്ന പേരിൽ തട്ടിപ്പ് കമ്പനി രൂപവത്കരിച്ച് നിരവധി വ്യാപാരികളെ കബളിപ്പിച്ചത്.
ജമീൽ മുഹമ്മദ് എന്ന ഉത്തരേന്ത്യക്കാരനാണ് കമ്പനിയുടമ. കൂടെയുണ്ടായിരുന്നു മൂന്ന് മലയാളികൾ നൽകിയ വിസിറ്റിങ് കാർഡിലെ പേരുകൾ യഥാർഥമാണോ എന്ന് ഉറപ്പില്ല. രണ്ടര മാസം മുമ്പ് കുവൈത്തിൽ മികച്ച നിലയിൽ ഓഫിസും സംവിധാനങ്ങളും തുറന്ന് അതിവിദഗ്ധമായാണ് തട്ടിപ്പ് നടത്തിയത്.
മുത്‍ലയിൽ വില്ല പ്രോജക്ടിനും തുറമുഖത്തെ കയറ്റിറക്ക് തൊഴിലാളികൾക്കും മറ്റും ജീവനക്കാർക്ക് ഭക്ഷണ വിതരണത്തിന് തങ്ങൾക്ക് കരാർ ലഭിച്ചിട്ടുണ്ടെന്നും ഇത് സബ് കോൺട്രാക്ട് നൽകാൻ താൽപര്യമുണ്ടെന്നും ഹോട്ടൽ വ്യാപാരികളെ വിശ്വസിപ്പിക്കുകയായിരുന്നു. ദിവസവും ആയിരം പേർക്ക് ഭക്ഷണം വേണമെന്ന് പ്രമുഖ മലയാളി റെസ്റ്റാറന്റ് ഉടമയെ വിശ്വസിപ്പിച്ചു.
ഇങ്ങനെ പലരിൽ നിന്നും ഒരേ സമയം ക്വട്ടേഷൻ വാങ്ങി. കോട്ടും സ്യൂട്ടുമെല്ലാം ധരിച്ച് ഹോട്ടലിൽ പലവട്ടം ഭക്ഷണം കഴിക്കാനെത്തി സൗഹൃദവും വിശ്വാസ്യതയും നേടിയാണ് ഇടപാടിലേക്ക് കൊണ്ടെത്തിച്ചത്. സാൽമിയയിലെ ഓഫിസ് സന്ദർശിച്ച വ്യാപാരികൾക്ക് സംശയമൊന്നും തോന്നാത്ത രീതിയിലായിരുന്നു ഓഫിസ് ക്രമീകരണം. രണ്ടര മാസം മുമ്പ് എടുത്ത ഓഫിസിലെ ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ല.