ദളിതരുടെ മുടിവെട്ടാനാകില്ലെന്ന കാരണത്താല്‍ ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചു; വിവേചനം കര്‍ണാടകയില്‍

രാജ്യത്ത് ജാതി വിവേചനം തുടരുന്നു എന്നതിന് ഏറ്റവും പുതിയ ഉദാഹരണമായിരിക്കുകയാണ് കര്‍ണാടകയിലെ മുദ്ദബള്ളി. ദളിതരുടെ മുടിവെട്ടാനാകില്ലെന്ന കാരണത്താല്‍ ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചിട്ടതായി റിപ്പോ‍ർട്ട്. കര്‍ണാടകയിലെ കൊപ്പാളിന് സമീപം മുദ്ദബള്ളി ഗ്രാമത്തിലാണ് സംഭവം. മുദ്ദബള്ളിയില്‍ ദളിത് വിഭാഗക്കാര്‍ വിവേചനം നേരിടുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പിന്നാലെ പോലീസ് ഉള്‍പ്പെടെ ഇടപെട്ട് ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

ദളിതരോടുള്ള വിവേചനവും, അയിത്താചരണവും കുറ്റകൃത്യമാണെന്നും പോലീസ് അറിയിച്ചിരുന്നു. ഇതോടെ ദളിതരോട് വിവേചനം ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ബാര്‍ബര്‍ ഷോപ്പുകള്‍ പൂര്‍ണമായി അടച്ചിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പതിവ് ഉപഭോക്താക്കളുടെ വീടുകളില്‍ എത്തി മുടി മുറിക്കുന്ന രിതീയാണ് ഇപ്പോള്‍ ഗ്രാമത്തില്‍ ഉള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ ഗ്രാമത്തിലെ ദളിതര്‍ക്ക് മുടിമുറിക്കാനും താടിവടിക്കാനും എഴ് കിലോമീറ്റര്‍ അപ്പുറത്തുള്ള കൊപ്പാള്‍ ടൗണിലെത്തണം. അതേസമയം, വിഷയം കര്‍ണാടകയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്. കര്‍ണാടക സര്‍ക്കാരിന്റെ നിസംഗതയാണ് മുദ്ദബള്ളിയിലെ ദളിതര്‍ നേരിടുന്ന വിവേചനത്തിന് കാരണം എന്ന് പ്രതിപക്ഷമായ ബിജെപി കുറ്റപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *