രാജ്യത്തെ ടൂറിസം മേഖലക്ക് കരുത്തുപകർന്ന് ഒമാൻ കൈറ്റ് ഫെസ്റ്റിവൽ വരുന്നു. ഒമാൻ സെയിലുമായി സഹകരിച്ച് ഒമാൻ ടൂറിസം ഡെവലപ്മെന്റ് കമ്പനി ( ഒമ്രാൻ) നടത്തുന്ന പരിപാടി ജുലൈ 15 മുതൽ 24 വരെയാണ് നടക്കുകയെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബാർ അൽ ഹിക്മാനിൽനിന്ന് ആരംഭിച്ച് റാസ് അൽ ഹദ്ദിൽ അവസാനിക്കുന്ന രീതിയിലാണ് ഫെസ്റ്റിവൽ ക്രമീകരിച്ചിരിക്കുന്നത്. ഒമാനിലെ ഏറ്റവും മനോഹരമായ തീര പ്രദേശത്താണ് ഫെസ്റ്റിവവൽ നടക്കുന്നത്.
ഏറെ പ്രത്യേകതകൾ നിറഞ്ഞതാകും ഫെസ്റ്റിവൽ. ഭൂമിശാസ്ത്രപരമായ വ്യാപ്തി ഇതിൽ പ്രധാനമാണ്. വികസിത രൂപത്തിലുള്ള ഇവന്റ് ഫോർമാറ്റ് കൂടുതൽ അന്താരാഷ്ട്ര അത്ലറ്റുകളെ ആകർഷിക്കും. ഒമാന്റെ തീരദേശ പരിസ്ഥിതിയുടെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന സമ്പന്നമായ ടൂറിസം അനുഭവം ഫെസ്റ്റിവൽ സമ്മാനിക്കും.വിനോദ സഞ്ചാര അനുഭവങ്ങൾ വൈവിധ്യവത്കരിക്കുന്നതിനും ഒമാന്റെ അസാധാരണമായ പ്രകൃതി സൗന്ദര്യ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനുമുള്ള ഒമ്രാൻ ഗ്രൂപ്പിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് കൈറ്റ് ഫെസ്റ്റിവൽ ഒരുക്കുന്നതെന്ന് അസിസ്റ്റന്റ് മാനേജർ സുൽത്താൻ സുലൈമാൻ അൽ ഖുദൂരി പറഞ്ഞു.
കഴിഞ്ഞ വർഷം സംഘടിപ്പിച്ച ഡൗൺവൈൻഡറിന് ലഭിച്ച മികച്ച സ്വീകാര്യത ഇത്തവണ ഫെസ്റ്റിവലിനെ വിപുലീകരിക്കുന്നതിന് പ്രേരകമായെന്നും അദ്ദേഹം പറഞ്ഞു. ഒമാനിലെ സമുദ്ര കായിക വിനോദ വികസനത്തിൽ കൈറ്റ് ഫെസ്റ്റിവൽ ഒരു പ്രധാന നാഴികക്കല്ലാകുമെന്ന് ഒമാൻ സെയിലിലെ ഇവന്റ് സ്പെഷലിസ്റ്റ് ഷൈമ സെയ്ദ് അൽ അസ്മി പറഞ്ഞു.പാരിസ്ഥിതിക വൈവിധ്യം മുതൽ അനുകൂലമായ കാറ്റും കാലാവസ്ഥയും വരെയുള്ള രാജ്യത്തിന്റെ അനുയോജ്യമായ തീരദേശ സാഹചര്യങ്ങളെയും അവർ ചൂണ്ടിക്കാണിച്ചു. രാജ്യാന്തര കൈറ്റ് സൈഫർമാരുടെ പങ്കാളിത്തം ഫെസ്റ്റിവലിന് പുതിയ മാനം നൽകും. ജലത്തെ അടിസ്ഥാനമാക്കിയുള്ള സാഹസിക കായിക ടൂറിസത്തിൽ ഒമാന്റെ സ്ഥാനം ഇതുവഴി ഉയരുമെന്നും ഷൈമ സഈദ് അൽ അസ്മി പറഞ്ഞു.
ബാർ അൽ ഹിക്മാൻ മുതൽ മസീറ ദ്വീപ് വരെ, മസീറയിൽ നിന്ന് റാസ് അൽ റുവൈസ് വരെ, പിങ്ക് ലഗുണുകളിൽ നിന്ന് അൽ അശ്ഖറ വരെ, റാസ് അൽ ജിൻസിൽ നിന്ന് റാസ് അൽ ഹദ്ദ് വരെ എന്നിങ്ങെ നാല് ഘട്ടങ്ങളിലായി നടക്കുന്ന മൾട്ടി സ്റ്റേജ് ഡൗൺവൈൻഡർ റേസ് ഉൾപ്പെടെ നിരവധി മത്സരങ്ങളും കൈറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.