തിരുത്തി ജീവിച്ചാൽ നല്ലവനാണ്; വേടന് പിന്തുണയുമായി ഗണേഷ് കുമാർ

റാപ്പർ വേടന് പിന്തുണയുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. വേടന് ഒരു തെറ്റു പറ്റിപ്പോയതാണെന്നും വേടനെ കാണുമ്പോൾ ഇനി കഞ്ചാവടിയൻ എന്ന് കളിയാക്കരുതെന്നും മന്ത്രി. വേടനോട് അത്യധികമായ സ്‌നേഹമുണ്ട്. ഒരു തെറ്റു പറ്റി, പൊറുക്കണം എന്ന് വേടൻ തന്നെ തുറന്നു പറഞ്ഞു. അയാൾ തിരുത്തി ജീവിച്ചാൽ അയാൾ നല്ലവനാണ്. ഞാൻ മനസിലാക്കിയതിൽ നാട്ടുകാരോടും പൊലീസിനോടുമെല്ലാം നല്ല പെരുമാറ്റയുള്ളയാളാണ് വേടൻ. തനിക്ക് വേടനെ നേരിട്ട് പരിചയമില്ലെന്നും കെ ബി ഗണേഷ് കുമാർ. പത്തനാപുരം പാതിരിക്കൽ അമ്പലത്തിൽ വെച്ച് നടന്ന ലഹരി വിരുദ്ധ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

അതേ സമയം, പുലിപ്പല്ല് കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ നടപടിയിൽ പ്രതികരിച്ച് റാപ്പർ വേടൻ. സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നത് പോലെ തോന്നിയെന്നും ഒരാളെ ശിക്ഷിക്കുന്നത് ശരിയല്ലെന്നും വേടൻ പ്രതികരിച്ചു. റേഞ്ച് ഓഫീസർ അധീഷ് സാറിനെ സ്ഥലം മാറ്റിയ കാര്യമാണ് അറിയുന്നത്. അത് ശരിയല്ലെന്നാണ് എൻറെ അഭിപ്രായം. ഇപ്പോൾ മാത്രമല്ല, വേട്ടയാടൽ നിരന്തരമായി താൻ നേരിട്ടിരുന്ന കാര്യമാണെന്നും അത് ജീവിതകാലം മുഴുവൻ ഉണ്ടാകുമെന്നും വേടൻ പറഞ്ഞു.
തനിക്കെതിരായ വേട്ടയാടൽ പുതിയ കാര്യമൊന്നും അല്ലെന്നും വേടൻ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇന്ന് കോടനാട് ഫോറെസ്റ്റ് ഓഫീസിലെത്തിയപ്പോഴായിരുന്നു വേടൻറെ പ്രതികരണം. വേടനെതിരായ കേസിൽ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസറെ സ്ഥലം മാറ്റിയിരുന്നു. വേടനെതിരെ കേസെടുക്കാൻ അനാവശ്യ തിടുക്കം കാട്ടിയെന്നും പെരുപ്പിച്ചുകാട്ടിയെന്നും വനം വകുപ്പ് മന്ത്രി നേരത്തെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *