കഴിഞ്ഞ മാസങ്ങളിൽ ഏഷ്യൻ രാജ്യങ്ങൾക്ക് അരാംകോ നൽകിയിരുന്ന വിലയിളവ് പിൻവലിക്കുകയും നേരിയ വർധനവ് വരുത്തുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അറബ് ലൈറ്റ് ക്രൂഡിന്റെ ബെഞ്ച്മാർക്ക് വില 0.20 ഡോളർ ആണ് ഉയർത്തിയത്. ഒമാൻ, ദുബൈ ക്രൂഡ് ഓയിലുകളുടെ വിലയേക്കാൾ ബാരലിന് 1.40 ഡോളർ അധികമാണ് ഇത്. വിതരണക്കാർ വർധിക്കുകയും വിപണിയിൽ ശക്തമായ മത്സരം നേരിടുകയും ചെയ്യുന്നതിനാൽ ആഗോള എണ്ണ വിപണികളിൽ നിരന്തരമായ ഇടിവ് രേഖപ്പെടുത്തുന്ന സാഹചര്യമായിരുന്നിട്ട് കൂടി സൗദി വില വർധനവ് പ്രഖ്യാപിക്കുകയായിരുന്നു.
തുടർച്ചയായ രണ്ടാം മാസവും എണ്ണ ഉൽപാദനം വർധിപ്പിക്കാമെന്ന ഒപെക് രാജ്യങ്ങളുടേയും സഖ്യ കക്ഷികളുടേയും കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനത്തെ തുടർന്നാണ് ഈ നീക്കം. ഒപെക് അംഗങ്ങളും റഷ്യ പോലുള്ള പ്രധാന സഖ്യകക്ഷികളും ഉൾപ്പെടുന്ന ഗ്രൂപ് ജൂണിൽ പ്രതിദിനം 411,000 ബാരൽ ഉൽപാദനം വർധിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. മെയ് അഞ്ചിന് ചേർന്ന എണ്ണ ഉൽപാദന രാജ്യങ്ങളുടെ യോഗത്തിൽ കൂടുതൽ വ്യക്തമായ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നത് ലോകം ഉറ്റുനോക്കുകയാണ്. വേനൽക്കാലത്തേക്ക് കടക്കുമ്പോൾ ഉൽപാദന തന്ത്രങ്ങൾ കൂടുതൽ വ്യക്തമാകും.
സൗദി അരാംകോ സാന്ദ്രത അടിസ്ഥാനമാക്കി അഞ്ച് ഗ്രേഡുകളിലായാണ് അസംസ്‌കൃത എണ്ണയുടെ വില നിശ്ചയിക്കുന്നത്. സൂപ്പർ ലൈറ്റ് (40-ൽ കൂടുതൽ), അറബ് എക്‌സ്ട്രാ ലൈറ്റ് (36-40), അറബ് ലൈറ്റ് (32-36), അറബ് മീഡിയം (29-32), അറബ് ഹെവി (29-ന് താഴെ). മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്ക് അരാംകോ പ്രതിദിനം കയറ്റി അയക്കുന്നത് 90 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ആണ്. ചെറിയ വലിയ വർധന പോലും ഏഷ്യൻ രാജ്യങ്ങളിലെ വിപണിയിൽ പ്രതിഫലിക്കും. റിഫൈനർമാരിൽനിന്നുള്ള വിപണി വിവരങ്ങളും കഴിഞ്ഞ ഒരു മാസത്തെ ക്രൂഡ് ഓയിൽ മൂല്യ മാറ്റങ്ങളുടെ വിലയിരുത്തലും അടിസ്ഥാനമാക്കിയാണ് അരാംകോ അതിന്റെ വില നിശ്ചയിക്കുന്നത്. മേയ് മാസത്തിൽ ഏഷ്യൻ ഉപഭോക്താക്കൾക്കുള്ള അസംസ്‌കൃത എണ്ണയുടെ വില സൗദി അരാംകോ നാല് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറച്ചിരുന്നു. ഏപ്രിൽ മാസത്തിലും ബാരലിന് 2.30 ഡോളർ കുറച്ചിരുന്നു.
അതേ സമയം ഇന്ത്യയുടെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ വിതരണ രാജ്യമാണ് സൗദി അറേബ്യ. കഴിഞ്ഞ മാസത്തെ ഇന്ത്യൻ പ്രധാന മന്ത്രിയുടെ സൗദി സന്ദർശനത്തെ തുടർന്ന് ഊർജ മേഖലയിൽ വലിയ പങ്കാളിത്തത്തിനാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. അരാംകോയുടെ സഹായത്തോടെ രണ്ട് റിഫൈനറികൾ സ്ഥാപിക്കാൻ കരാറായിട്ടുണ്ട്. ഗുജറാത്തിലും ആന്ധ്രാപ്രദേശിലും ആയിരിക്കും റിഫൈനറികൾ സ്ഥാപിക്കുക എന്നാണ് വിദഗ്ധരുടെ നിഗമനം. ഇത് ഇന്ത്യയുടെ എണ്ണ വിപണിയെ ലോക രാജ്യങ്ങളുടെ മുന്നിൽ കൂടുതൽ ശ്രദ്ധാകേന്ദ്രമാക്കും. എണ്ണ വില കൊണ്ട് പൊറുതിമുട്ടിയ സംസ്ഥാനങ്ങൾക്കും ഇത് ആശ്വാസം പകർന്നേക്കാം.