ഷാർജയിൽ രോഗികളായ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന സർക്കാർ ജീവനക്കാരികൾക്ക് മൂന്ന് വർഷം വരെ അവധിക്ക് അനുമതി. പ്രസവാവധിക്ക് ശേഷം വാർഷിക അവധിയായി ഇതിന് അപേക്ഷ നൽകാം. കെയർ ലീവ് എന്ന പേരിലാണ് ഷാർജയിൽ പുതിയ അവധി പ്രഖ്യാപിച്ചത്.
ഭിന്നശേഷിക്കാരോ, രോഗികളോ ആയ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന ഷാർജ സർക്കാർ ജീവനക്കാരികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നിരന്തര പരിചരണം ആവശ്യമായി വരുന്ന കുഞ്ഞുങ്ങളുടെ മാതാവിനാണ് കെയർ ലീവ് ലഭിക്കുകയെന്ന് ഷാർജ സർക്കാറിന്റെ എച്ച് ആർ വിഭാഗം ചെയർമാൻ അബ്ദുല്ല ഇബ്രാഹിം അൽ സഅദി പറഞ്ഞു.
ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽഖാസിമിയുടെ നിർദേശപ്രകാരമാണിത് നടപ്പാക്കുന്നത്. ലീവ് അപേക്ഷ പരിഗണിക്കുന്ന മെഡിക്കൽ അതോറിറ്റിയാണ് കുഞ്ഞിന്റെ ആരോഗ്യനിലയുടെ അടിസ്ഥാനത്തിൽ മാതാവിന് അവധിക്ക് യോഗ്യതയുണ്ടോ എന്ന് തീരുമാനിക്കുക. ഒരുവർഷം വരെ ശമ്പളത്തോടെയുള്ള നിലവിലെ പ്രസവവാവധി മൂന്ന് വർഷം വരെ നീട്ടി നൽകാനാണ് അനുമതി നൽകുക. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതിന്റെ അടിസ്ഥാനത്തിൽ മാതാവ് ജോലിയിൽ തിരികെ പ്രവേശിക്കണം.