ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെ തുടര്‍ന്ന് യുഎഇയിലെ കത്തോലിക്ക ദേവാലയങ്ങളിലും പ്രത്യേക പ്രാര്‍ത്ഥന നടത്തി. അബുദാബിയിലെ സെന്റ് ജോസഫ് പള്ളിയില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വേണ്ടി നടത്തിയ പ്രാര്‍ത്ഥനകളില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. വൈകുന്നേരം 4 മണിക്ക് ശേഷമാണ് പള്ളിയിൽ പ്രത്യേക പ്രാര്‍ത്ഥന നടത്തിയത്.
വിവിധ രാജ്യക്കാരായ നിരവധി വിശ്വാസികള്‍ പള്ളിയിലേക്ക് ഒഴുകിയെത്തി പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു. ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി കുർബാന അർപ്പിച്ച് പ്രാർഥിക്കാൻ യുഎഇയിലെ കത്തോലിക്കാ പള്ളികളോട് ദക്ഷിണ അറേബ്യയിലെ (അവോസ) അപ്പോസ്തലിക് വികാരി ബിഷപ് പൗലോ മാർട്ടിനെല്ലി അഭ്യർഥിച്ചിരുന്നു. ഇടവകകളിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടിയുള്ള കുർബാനയിൽ വിശ്വാസികൾ പങ്കുചേരണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. യുഎഇയിലെ എല്ലാ ആളുകളും ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അതീവ ദുഃഖിതരാണ്.
2019ൽ അദ്ദേഹം അബുദാബി സന്ദർശിച്ചത് നന്ദിയോടെ ഓർക്കുന്നുവെന്നും ബിഷപ് പൗലോ മാർട്ടിനെല്ലി പറഞ്ഞു. ഷാര്‍ജയിലെ സെന്റ് മൈക്കിള്‍സ് ദേവാലയത്തിലും ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിര്യാണത്തെ തുടര്‍ന്ന് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു. വിവിധ രാജ്യക്കാരായ നിരവധി താമസക്കാര്‍ പള്ളിയിലെത്തി പ്രാര്‍ത്ഥനകളില്‍ പങ്കുചേര്‍ന്നു.
ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 11.05 നാണ് മാർപാപ്പ കാലം ചെയ്തത്. 88 വയസായിരുന്നു. ന്യുമോണിയ ബാധിതനായി 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം കഴിഞ്ഞ മാസം 23നാണ് വസതിയിലേക്ക് തിരികെയെത്തിയത്. ബെനഡിക് പതിനാറാൻ മാർപാപ്പ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് 2013 മാർച്ച് 13ന് കത്തോലിക്കാ സഭയുടെ 266-ാമത് മാർപാപ്പയായി അദ്ദേഹം ചുമതല ഏറ്റത്. കത്തോലിക്ക സഭയെ നയിച്ച ആദ്യ ലാറ്റിനമേരിക്കക്കാരനായിരുന്നു അദ്ദേഹം.