ഡ്രൈവറില്ലാ കാറുകളില്‍ സൗജന്യ യാത്ര ചെയ്യാൻ അവസരം. സഅദിയാത്ത്, യാസ് ഐലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് സായിദ് അന്താരാഷ്ട്ര വിമാനത്താവളം വരെ ഡ്രൈവറില്ലാ കാറുകളില്‍ സൗജന്യ യാത്ര ചെയ്യാം. 18 ഡ്രൈവറില്ലാ കാറുകളാണ് സര്‍വീസ് നടത്തുക. ഭാവിയില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് ഇവയുടെ സേവനം വ്യാപിപ്പിക്കും. നേരത്തെ ഈ മേഖലകളിൽ ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണ ഓട്ടം ആരംഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്ന നിലയിലാണ് പുതിയ സംരംഭം. ഗതാഗത സംവിധാനത്തില്‍ നൂതന സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിക്കാനുള്ള അബൂദബി മൊബിലിറ്റിയുടെ യാത്രയിലെ നാഴികക്കല്ലാണ് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഡ്രൈവറില്ലാ കാറുകളുടെ സേവനം വ്യാപിപ്പിച്ചിരിക്കുന്നതെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥയായ ഫാത്തിമ അല്‍ ഹന്‍തൂബി അറിയിച്ചു. 2021ല്‍ ഡ്രൈവറില്ലാ വാഹന സേവനത്തിന് തുടക്കം കുറിച്ച ശേഷം ഇതുവരെ 4,30,000ത്തിലേറെ കിലോമീറ്ററുകളിലായി മുപ്പതിനായിരം ട്രിപ്പുകളാണ് പൂര്‍ത്തിയാക്കിയത്.
ഇതിനിടയില്‍ ഒരിക്കല്‍ പോലും വാഹനം അപകടമുണ്ടാക്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 99 ശതമാനവും വാഹനങ്ങള്‍ സ്വയം നിയന്ത്രിതമായിരുന്നുവെന്നും മനുഷ്യ ഇടപെടല്‍ ഒരു ശതമാനം മാത്രമായിരുന്നുവെന്നതും തെളിയിക്കുന്നത് ഡ്രൈവറില്ലാ വാഹനങ്ങളുടെ സുരക്ഷയും ക്ഷമതയുമാണെന്നും ഫാത്തിമ അല്‍ ഹന്‍തൂബി പറഞ്ഞു. പരിസര നിരീക്ഷണം നടത്തി വാഹനം സ്വയമാണ് നിയന്ത്രിക്കുന്നതെങ്കിലും പരീക്ഷണ ഘട്ടമായതിനാല്‍ ഡ്രൈവിങ് സീറ്റില്‍ ഒരാള്‍ ഇരിക്കും.
വേഗപ്പോര് പ്രേമികളെ ത്രില്ലടിപ്പിച്ച് യാസ് മറീന സര്‍ക്യൂട്ട് ട്രാക്കുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ തീപാറിച്ചത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പ്രഥമ അബൂദബി ഓട്ടോണമസ് റേസിങ് ലീഗി(എ2.ആര്.എല്‍) ല്‍ ജര്‍മനിയില്‍ നിന്നുള്ള മ്യുണിക് ടെക്നിക്കല്‍ യൂനിവേഴ്സിറ്റിയാണ് മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയത്. ഇറ്റാലിയന്‍ ടീമായ യൂനിമോറിനെ മറികടന്നായിരുന്നു ഈ നേട്ടം. യു.എ.ഇ. പ്രസിഡന്റിന്റെ സാങ്കേതിക ഉപദേഷ്ടാവായ ഫൈസല്‍ അല്‍ ബന്നൈ വിജയികള്‍ക്കുള്ള 22.5 ലക്ഷം ഡോളറിന്റെ സമ്മാനങ്ങളാണ് കൈമാറിയത്. നാല് നിര്‍മിത ബുദ്ധി ഡ്രൈവറില്ലാ കാറുകളാണ് പതിനായിരത്തിലേറെ കാണികളെ ആവശേത്തിലാഴ്ത്തി യാസ് മറീന സര്‍ക്യൂട്ട് ട്രാക്കിലൂടെ ഒരേസമയം ചീറിപ്പാഞ്ഞത്.
അബൂദബി അഡ്വാന്‍സ് ടെക്നോളജി റിസര്‍ച്ച് കൗണ്‍സിലിന്റെ ഉപസംഘടനയായ ആസ്പയര് ആയിരുന്നു ലോകത്താദ്യമായി ഈ ഗണത്തില്‍ നടത്തിയ എ2.ആര്.എല്‍ മല്‍സരത്തിന്റെ സംഘാടകര്‍. എട്ടുടീമുകളായിരുന്നു മല്‍സരത്തില്‍ പങ്കെടുത്തത്. മല്‍സരത്തിന്റെ ഭാഗമായി നിര്‍മിത ബുദ്ധി കാറും ഫോര്‍മുല വണ്‍ മുന്‍ ഡ്രൈവര്‍ ഡാനിയല്‍ കിവിയറ്റും തമ്മിലുള്ള റേസിങ് മല്‍സരവും നടന്നിരുന്നു. 45 മിനിറ്റ് നീണ്ടുനിന്ന മല്‍സരത്തില്‍ അബൂദബിയുടെ ടെക്നേളജി ഇന്നൊവേഷന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആളില്ലാ കാറിനെ 10.38 സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ പിന്നിലാക്കി ഡാനിയല്‍ ജേതാവായി.