മുനമ്പം ഇനി എവിടെയും ആവർത്തിക്കില്ല;വഖഫ് നിയമം മുസ്ലിങ്ങൾക്കെതിരല്ലെന്ന് കിരൺ റിജിജു

വഖഫ് നിയമം മുസ്ലിങ്ങൾക്കെതിരല്ലെന്നും നിയമ ഭേഗതിയിലൂടെ വർഷങ്ങളായി നിലനിൽക്കുന്ന തെറ്റ് തിരുത്തുകയാണ് സർക്കാരെന്നും കേന്ദ്ര മന്ത്രി കിരൺ റിജിജു കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുസ്‌ളിങ്ങൾക്കെതിരായ നീക്കം കേന്ദ്രം നടത്തുന്നു എന്ന പ്രചരണത്തിനാണ് ചിലർ ശ്രമിക്കുന്നതെന്നും ഇത് തെറ്റാണെന്നും മന്ത്രി പറഞ്ഞു. മുനമ്പത്തുണ്ടായ സംഭവം ഇനി രാജ്യത്ത് എവിടെയും ആവർത്തിക്കില്ലെന്നും മന്ത്രി കിരൺ റിജിജു പറഞ്ഞു. മുനമ്പത്തുകാർക്ക് നീതി കിട്ടുമെന്ന് ഉറപ്പാക്കും.

ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള നിയമ ഭേദഗതിയല്ല ഇത്. നിയമ ഭേദഗതി നടത്തിയില്ലാരുന്നില്ലെങ്കിൽ ഏതു ഭൂമിയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് സർക്കാർ നിയമ ഭേദഗതിക്ക് തയാറായതെന്നും കിരൺ റിജിജു പറഞ്ഞു.

മുനമ്പം വിഷയത്തിൽ കേരള സർക്കാരിനോട് അഭ്യർഥനയുണ്ട്. അടിയന്തരമായി ജില്ലാ കളക്ടറോട് സർവേ കമ്മീഷണർ എടുത്ത മുഴുവൻ നടപടികളും പുന പരിശോധിക്കാൻ നിർദ്ദേശിക്കണമെന്ന് കിരൺ റിജിജു ആവശ്യപ്പെട്ടു. എൽഡിഎഫും യുഡിഎഫും വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കരുത്. മുനമ്പത്ത് നീതി നടപ്പാക്കുകയാണ് വേണ്ടത്. ഒരു സമുദായത്തെയും വോട്ടു ബാങ്കായി മാത്രം കാണരുത്. കോൺഗ്രസിൻറെയും കമ്യൂണിസ്റ്റിൻറെയും വോട്ടുബാങ്കായി മുസ്ലിം സമുദായം മാറരുതെന്നും കിരൺ റിജിജു പറഞ്ഞു.

മുനമ്പത്തെ ജനങ്ങളുടെ ഭരണഘടന അവകാശം നിഷേധിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എന്തിനാണ് യുഡിഎഫിൻറെ ഭാഗമായ മുസ്‌ളിം ലീഗ് ഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ പോകുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *