ഫെയ്സ്ബുക്കിലൂടെ പരിചയം; തൃശൂർ സ്വദേശിയിൽ നിന്ന് 1.90 കോടി രൂപ തട്ടിയ നൈജീരിയൻ പൗരൻ അറസ്റ്റിൽ. ഓൺലൈൻ വഴി തൃശൂർ സ്വദേശിനിയിൽ നിന്ന് 1.90 കോടി രൂപ തട്ടിയ കേസിൽ നൈജീരിയൻ പൗരൻ അറസ്റ്റിൽ. നൈജീരിയക്കാരനായ ഓസ്റ്റിൻ ഓഗ്ബയെ ആണ് തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്. മുംബൈയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
2023 മാർച്ചിലാണ് കേസിനാധാരമായ സംഭവത്തിന്റെ തുടക്കം. ഫെയ്സ്ബുക്കിലൂടെ പരിചയപെട്ട് വ്യാജ വാഗ്ദാനങ്ങൾ നൽകിയാണ് ഒരു കോടി 90 ലക്ഷം രൂപ തട്ടിയെടുത്തത്. തൃശൂർ സ്വദേശി ഫെയ്സ്ബുക്കിലൂടെ പ്രതികളിലൊരാളായ സ്ത്രീയെ പരിചയപ്പെട്ടു. സിറിയയിൽ യുദ്ധം തുടങ്ങിയപ്പോൾ രക്ഷപ്പെട്ട് തുർക്കിയിൽ എത്തിയതാണെന്ന് സ്ത്രീ തൃശൂർ സ്വദേശിയോട് പറഞ്ഞു.
കൈവശമുണ്ടായിരുന്ന യു എസ് ഡോളറുകളും വിലപിടിപ്പുള്ള സാധനങ്ങളും ഈജിപ്തിലെ മിഡിൽ ഈസ്റ്റ് വോൾട്ട് കമ്പനിയുടെ കസ്റ്റഡിയിലാണെന്നും, ഇതു തിരിച്ചെടുക്കുന്നതിന് പണം നൽകി സഹായിക്കണമെന്നും ആവശ്യപ്പെട്ടു. 2023 മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിലായി ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം തൃശൂർ സ്വദേശിയിൽ നിന്നു കൈക്കലാക്കിയത്.
തട്ടിപ്പാണെന്ന് മനസിലായതോടെ തൃശൂർ സ്വദേശി ഒല്ലൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. തട്ടിപ്പ് സംഘത്തിലെ മറ്റു പ്രതികൾക്കായി അന്വേഷണം നടക്കുകയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ക്രൈംബ്രാഞ്ച് അറിയിച്ചു.