ദുബൈ എമിറേറ്റിൽ റോഡപകട മരണങ്ങളിൽ വലിയ തോതിൽ കുറവ് സംഭവിച്ചതായി കണക്കുകൾ. കഴിഞ്ഞ 18 വർഷത്തിനിടെ റോഡപകട മരണങ്ങളിൽ 90 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ദുബൈ റോഡ് സുരക്ഷ നയം 2022-2026ന്റെ പുരോഗതി അവലോകനം ചെയ്യാനും 2024ൽ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾ പരിശോധിക്കാനുമായി ദുബൈ റോഡ് ഗതാഗത അതോറിറ്റിയും ദുബൈ പൊലീസും ചേർന്ന് നടത്തിയ യോഗത്തിലാണ് കണക്കുകൾ പുറത്തുവിട്ടത്.
അപകട മരണങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം. 2007ൽ ലക്ഷം പേരിൽ 21.7 ആയിരുന്ന റോഡപകട മരണങ്ങൾ 2024ൽ 1.8 ആയി കുറക്കാൻ സാധിച്ചു (91 ശതമാനത്തിന്റെ കുറവ്). കാൽനട യാത്രക്കാരുടെ മരണം 9.5ൽ നിന്ന് 0.3 ആയും ഗുരുതരമായി പരിക്കേൽക്കുന്നവരുടെ എണ്ണം 36.2ൽ നിന്ന് നാലായും കുറഞ്ഞു. രജിസ്റ്റർ ചെയ്ത 10,000 വാഹനാപടങ്ങളിൽ മരണ നിരക്ക് 4.2ൽ നിന്ന് 0.45 ആയി കുറഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു.
രണ്ട് സ്ഥാപനങ്ങളും ചേർന്ന് 2024ൽ 53 സംയുക്ത സംരംഭങ്ങൾ നടപ്പാക്കിയതായി ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ പറഞ്ഞു. റോഡപകട മരണ നിരക്ക് കുറക്കുന്നതിൽ ഈ സംരംഭങ്ങൾ നിർണായക പങ്കുവഹിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഉയർന്ന അപകട സാധ്യതയുള്ള 23 മേഖലകൾ കണ്ടെത്താൻ സംരംഭങ്ങളിലൂടെ കഴിഞ്ഞു.കൂടാതെ കാൽനടക്കാർക്ക് റോഡ് മുറിച്ചു കടക്കാനുള്ള സീബ്രലൈനുകൾ 53 ആയി ഉയർത്തി. ഒന്നിലധികം ക്രോസിങ് ഏരിയകൾ നവീകരിച്ചു. നാല് പ്രധാന മേഖലകളിലായാണ് 53 സംരംഭങ്ങൾ നടപ്പിലാക്കിയത്. ഇതിൽ 21 എണ്ണം വാഹന എൻജിനീയറിങ് മേഖലകളിലാണ്. 16 എണ്ണം സിസ്റ്റംസ് ആൻഡ് മാനേജ്മെന്റിലും 11 എണ്ണം ട്രാഫിക് ബോധവത്കരണ രംഗത്തും അഞ്ചെണ്ണം നിയമപരിപാലന രംഗത്തുമാണ്.
സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുഗതാഗത ഡ്രൈവർമാർക്ക് സ്മാർട്ട് മാനേജ്മെന്റ് സംവിധാനം വികസിപ്പിക്കാനുള്ള നടപടികൾ നടന്നുവരികയാണ്. കാൽനട ക്രോസിങ്ങുകൾ, ഉയർന്ന അപകട സാധ്യതയുള്ള മേഖലകളിലെ നിയമലംഘനങ്ങൾ, മോട്ടോർ സൈക്കിളുകൾ, ഇലക്ട്രിക് സ്കൂട്ടറുകൾ എന്നിവയുടെ സുരക്ഷിതമായ ഉപയോഗം, നിയമ പാലനം എന്നിവ വർധിപ്പിക്കാനായി എൻഫോഴ്സ്മെന്റ് നടപടികൾ വിപുലീകരിച്ചു. സിസ്റ്റംസ് ആൻഡ് മാനേജ്മെന്റിന് കീഴിൽ സ്വയം നിയന്ത്രിത വാഹനങ്ങളുടെ പ്രവർത്തനങ്ങളും മാനദണ്ഡങ്ങളും നിയന്ത്രിക്കാനായി നിയമം അവതരിപ്പിക്കുകയും ചെയ്തു.
കൂടാതെ എട്ട് ബോധവത്കരണ കാമ്പയിനുകൾ 2.55 ലക്ഷം പേരിലെത്തിക്കാനും കഴിഞ്ഞു. മരണങ്ങളും പരിക്കുകളും ഉൾപ്പെടെ ഗതാഗത നിയമ ലംഘനങ്ങളുടെ ഗുരുതര അനന്തരഫലങ്ങൾ ഉയർത്തിക്കാണിക്കുന്ന 24 ബോധവത്കരണ വിഡിയോകൾ 11.7 കോടി പേരിലേക്കെത്തിക്കാനും കഴിഞ്ഞു. ട്രക്ക് വിശ്രമ കേന്ദ്രങ്ങൾ ഉൾപ്പെടെ ആർ.ടി.എയും പൊലീസും ചേർന്ന് 19 കേന്ദ്രങ്ങളിൽ സംയുക്ത സന്ദർശനങ്ങളും നടത്തി.