‘അവധിയാഘോഷിക്കാനെത്തണം, തടവിലായിട്ട് 551 ദിവസങ്ങൾ’; ഇസ്രയേൽ സൈനികൻറെ വീഡിയോ പുറത്തുവിട്ട് ഹമാസ്

കീവ്: ഹമാസ് സായുധ വിഭാഗമായ ഖാസം ബ്രിഗേഡ് തങ്ങൾ ബന്ദിയാക്കിയ ഇസ്രയേൽ സൈനികൻറെ വീഡിയോ പുറത്തുവിട്ടു. ഇസ്രയേൽ-യൂഎസ് പൗരനായ ഈഡൻ അലക്‌സാണ്ടർ ഇസ്രയേൽ സർക്കാരിനെ വിമർശിക്കുന്ന വീഡിയോയാണ് ശനിയാഴ്ച ഇവർ പുറത്തുവിട്ടത്. 551 ദിവസങ്ങളായി ഈഡനെ ഹമാസ് ബന്ദിയാക്കിയിട്ട്. വീഡിയോയിൽ സ്വയം പരിചയപ്പെടുത്തുന്ന ഈഡൽ ബെഞ്ചമിൻ നെതന്യാഹുവിൻറെ നേതൃത്വത്തിലുള്ള സർക്കാരിനെ വിമർശിക്കുകയും എന്തുകൊണ്ട് തൻറെ മോചനം സാധ്യമാവുന്നില്ല എന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്.

551 ദിവസമായി തടവിലെന്നും അവധിയാഘോഷിക്കാൻ കുടുംബത്തോടൊപ്പം എത്തിച്ചേരാൻ സാധിക്കുമെന്ന പ്രത്യാശയുണ്ടെന്നും ഈഡൻ പറയുന്നു. ജൂത വിഭാഗത്തിൻറെ പെസഹയായ പാസോവർ ആഘോഷങ്ങൾ ആരംഭിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു വീഡിയോ പുറത്തു വരുന്നത്.
വെടിനിർത്തലിൻറെ രണ്ടാംഘട്ടത്തിലേക്ക് ഇസ്രയേൽ കടക്കുകയാണെങ്കിൽ ഈഡനെ വിട്ടുനൽകാം എന്ന് ഹമാസ് പറഞ്ഞിരുന്നു. എന്നാൽ നിലവിൽ ഗാസയുടെ തെക്കേ അറ്റത്തുള്ള റഫാ നഗരം ഇസ്രയേൽ സൈന്യം പൂർണമായി പിടിച്ചെടുത്തിരിക്കുകയാണ്. മൊറാഗ് എന്ന സുരക്ഷാ ഇടനാഴി കൂടി നിർമ്മിച്ചതോടെ ഗാസയിലെ മറ്റ് പ്രദേശങ്ങളും റഫയുമായുള്ള ബന്ധം പൂർണമായി നഷ്ടപ്പെട്ടു. ബന്ദികളെ മോചിപ്പിക്കുന്നതുവരെ യുദ്ധം തുടരാനാണ് തീരുമാനം എന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് വ്യക്തമാക്കിയിട്ടുമുണ്ട്.

2023 ഒക്ടോബറിൽ യുദ്ധം ആരംഭിക്കുന്ന സമയത്ത് ഗാസ അതിർത്തിയിൽ നിലയുറപ്പിച്ചിരുന്ന സൈനികനായിരുന്നു ഈഡൻ. പിന്നീട് ഹമാസ് ഇയാളെ ബന്ദിയാക്കി. 22 കാരനായ ഈഡൻ അലക്‌സാണ്ടർ ടെൽ അവീലിലാണ് ജനിച്ചത്. വളർന്നത് അമേരിക്കയിലും. 2022 ലാണ് ഇയാൾ ഇസ്രയേൽ സൈന്യത്തിൽ ചേരുന്നത്. ഇതിനു മുമ്പും ഈഡൻറെ വീഡിയോ ഹമാസ് പുറത്തുവിട്ടിരുന്നു. ബന്ദികൾ വീട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്നുണ്ട്. ഭയവും ഒറ്റപ്പെടലും ബന്ദികളെ കൊല്ലുകയാണ്. ഞങ്ങളെ മറക്കരുത് എന്നാണ് അന്ന് ഈഡൻ ആ വീഡിയോയിൽ പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *