എമിറേറ്റിലെ രണ്ട് പ്രധാന ഹൈവേകളില്‍ വേഗപരിധി കുറച്ചു. അബൂദബി-സ്വീഹാന്‍ റോഡില്‍ (ഇ20) വേഗപരിധി 120 കിലോമീറ്ററില്‍നിന്ന് 100 ആയും ശൈഖ് ഖലീഫ ബിന്‍ സായിദ് ഇന്റര്‍നാഷനല്‍ റോഡില്‍ (ഇ11) മണിക്കൂറില്‍ 160 കിലോമീറ്ററില്‍നിന്ന് 140 കിലോമീറ്ററുമായാണ് കുറച്ചത്.
പ്രതികൂല കാലാവസ്ഥകളിൽ ചില റോഡുകളിൽ വേഗപരിധി താല്‍ക്കാലികമായി കുറക്കാറുണ്ടെങ്കിലും പുതിയ പ്രഖ്യാപനം സ്ഥിരമായിട്ടാണെന്നാണ് റിപ്പോര്‍ട്ട്. അബൂദബി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡില്‍ കുറഞ്ഞ വേഗം 120 കിലോമീറ്ററായി പരിമിതപ്പെടുത്തുകയും നിയമലംഘകര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തുകയും ചെയ്തിരുന്നു.
അബൂദബിയിലെ പ്രധാന പാതയായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് റോഡിലെ പരമാവധി വേഗത 140 കിലോമീറ്ററായാണ് നിശ്ചയിച്ചിരിക്കുന്നത്. പാതയുടെ ഇടത്തേ അറ്റത്തെ രണ്ടു ലൈനുകളിലാണ് 120 കിലോമീറ്റര്‍ വേഗതയില്‍ വാഹനമോടിക്കേണ്ടത്. കുറഞ്ഞ വേഗതയില്‍ വാഹനമോടിക്കുന്നവര്‍ മൂന്നാമത്തെ ലൈനാണ് ഉപയോഗിക്കേണ്ടത്. ഇവിടെ കുറഞ്ഞ വേഗപരിധി നിര്‍ണയിച്ചിട്ടില്ല. വലിയ വാഹനങ്ങള്‍ ഏറ്റവും ഒടുവിലത്തെ ലൈനാണ് ഉപയോഗിക്കേണ്ടത്. ഈ ലൈനിലും വേഗപരിധി നിര്‍ദേശിച്ചിട്ടില്ല.