നീണ്ട 22 വർഷത്തെ സേവനത്തിന് ശേഷം മൈക്രോസോഫ്റ്റിന്റെ വീഡിയോ കോൺഫറൻസ് പ്ലാറ്റ്ഫോമായ സ്കൈപ്പ് സേവനം അവസാനിപ്പിക്കുന്നു. മെയ് മാസം മുതൽ സ്കൈപ്പിന് പകരം മൈക്രോസോഫ്റ്റിന്റെ തന്നെ ടീംസ് ആപ്പ് ആയിരിക്കും ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ സാധിക്കുക. മെയ് അഞ്ച് വരെ മാത്രമായിരിക്കും സ്കൈപ്പിന്റെ സേവനം ലഭ്യമാവുക എന്നാണ് വിവരം. സ്കൈപ്പ് ഉപയോക്താക്കൾക്ക് അവരുടെ നിലവിലുള്ള അക്കൗണ്ടുകൾ ഉപയോഗിച്ച് ടീംസിലേക്ക് ലോഗിൻ ചെയ്യാൻ കഴിയും.
2003-ൽ ആരംഭിച്ച ലോകത്തിലെ ആദ്യ വീഡിയോ കോൺഫറൻസിംഗ് സംവിധാനങ്ങളിലൊന്നാണ് സ്കൈപ്പ്. നിക്ലാസ് സെൻസ്ട്രോം, ജാനസ് ഫ്രിസ്, അഹ്തി ഹെയ്ൻല എന്നീ വ്യവസായ സംരംഭകരായിരുന്നു സ്കൈപ്പിന്റെ നിർമ്മാതാക്കൾ. 2005ൽ 2.6 ബില്യൺ ഡോളറിന് ഇബേ സ്കൈപ്പ് ഏറ്റെടുത്തിരുന്നു. 2009ൽ സ്കൈപ്പിലെ തങ്ങളുടെ 65% ഓഹരികൾ 1.9 ബില്യൺ ഡോളറിന് ഇബേ ഒരു നിക്ഷേപക ഗ്രൂപ്പിന് വിറ്റു. 2011-ൽ അമേരിക്കൻ ടെക് ഭീമനായ മൈക്രോസോഫ്റ്റ് 8.5 ബില്യൺ ഡോളറിന് സ്കൈപ്പ് ഏറ്റെടുത്തതോടെ വൻ മാറ്റങ്ങൾക്കാണ് വഴിയൊരുങ്ങിയത്. 2011ൽ ഗൂഗിളിനെയും ഫേസ്ബുക്കിനെയും മറികടന്നാണ് മൈക്രോസോഫ്റ്റ് 8.5 ബില്യൺ ഡോളറിന് സ്കൈപ്പ് വാങ്ങിയത്.

അക്കാലത്തെ ഏറ്റവും വലിയ കൈമാറ്റമായിരുന്നു ഇത്. ആ സമയത്ത് സ്കൈപ്പിന് ഏകദേശം 150 ദശലക്ഷം പ്രതിമാസ ഉപയോക്താക്കളുണ്ടായിരുന്നു; 2020 ആയപ്പോൾ കോവിഡ് സമയത്ത് ആപ്പിന് ഉപയോക്താക്കളുടെ എണ്ണം ഉയർത്താനായെങ്കിലും ഇത് പിന്നീട് ഏകദേശം 23 ദശലക്ഷമായി കുറഞ്ഞു. സൂം, ഗൂഗിൾ മീറ്റ്, സിസ്കോ വെബെക്സ് എന്നിവയുൾപ്പെടെ മറ്റ് പ്ലാറ്റ്ഫോമുകൾ രംഗത്ത് വന്നതോടെ സ്കൈപ്പിന്റെ ജനപ്രീതി നഷ്ടപ്പെടുകയായിരുന്നു.

ആപ്പിളിന്റെ ഫേസ്ടൈം, മെറ്റയുടെ വാട്ട്സ്ആപ്പ് പോലുള്ള ആപ്പുകളിൽ നിന്ന് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സ്കൈപ്പ് വലിയ കിടമത്സരം നേരിടുന്നുണ്ട്. കൂടാതെ സമാന സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന മറ്റ് പ്ലാറ്റ്ഫോമുകളിൽ മെക്രോസോഫ്റ്റ് വൻതോതിൽ നിക്ഷേപം നടത്തുന്നുമുണ്ട്. വർഷങ്ങളായി, മൈക്രോസോഫ്റ്റ്, സ്കൈപ്പിനെ കമ്പനിയുടെ മറ്റ് പ്ലാറ്റ്ഫോമുകളുമായി സംയോജിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. ടെക് രംഗത്തെ മത്സരവും പ്ലാറ്റ്ഫോമിന്റെ മറ്റ് ന്യൂനതകളും കമ്പനിക്ക് തിരിച്ചടിയായി.
2017-ൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം വൈറ്റ് ഹൗസ് പ്രസ് ബ്രീഫിംഗ് റൂമിൽ മാധ്യമപ്രവർത്തരുമായി സംവദിക്കാൻ സ്കൈപ്പ് ഉപയോഗിച്ച സംഭവം ഏറെ വാർത്താ ശ്രദ്ധ നേടിയിരുന്നു.

ലോകമെമ്പാടുമായി ഏകദേശം 170 ദശലക്ഷം ആളുകൾ സ്കൈപ്പ് ഉപയോഗിച്ചിരുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2017ലാണ് മൈക്രോസോഫ്റ്റിന്റെ തന്നെ മറ്റൊരു പ്ലാറ്റ്ഫോമായ ടീംസ് ആരംഭിച്ചത്. അധികം വൈകാതെ തന്നെ ടീംസ് കൂടുതൽ ജനപ്രീതി നേടുകയും ചെയ്തു.

മൈക്രോസോഫ്റ്റ് ടീംസിൽ സൗജന്യമായി ലഭിക്കുന്ന പ്രധാന സവിശേഷതകൾ:
- 60 മിനിറ്റ് വരെ ദൈർഘ്യമുള്ള ഗ്രൂപ്പ് കോളുകൾ (100 വരെ ആളുകൾക്ക് പങ്കെടുക്കാം).
- സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പരിധിയില്ലാത്ത ചാറ്റ്.
- ടാസ്ക്കുകൾ, വോട്ടെടുപ്പുകൾ എന്നിവ ഉപയോഗിച്ചുളള പ്ലാനിങ്.
- 5 GB ക്ലൗഡ് സ്റ്റോറേജ്.
- മീറ്റിംഗുകൾ, ചാറ്റുകൾ, കോളുകൾ, ഫയലുകൾ എന്നിവയ്ക്കായുള്ള ഡാറ്റ എൻക്രിപ്ഷൻ.