മേയ് 17 മുതൽ 25 വരെ ദോഹ വേദിയൊരുക്കുന്ന വേൾഡ് ടേബ്ൾ ടെന്നിസ് ചാമ്പ്യൻഷിപ്പിന്റെ ടിക്കറ്റ് വിൽപനക്ക് തുടക്കം കുറിച്ചു. രണ്ട് പതിറ്റാണ്ടിനു ശേഷം ഖത്തറിലേക്ക് തിരികെയെത്തുന്ന ടി.ടി ചാമ്പ്യൻഷിപ് ഫൈനൽസിന് ലുസൈൽ ഹാളും ഖത്തർ യൂനിവേഴ്സിറ്റി ഹാളുമാണ് വേദിയാകുന്നത്. ടേബ്ൾ ടെന്നിസിൽ ലോകത്തെ പ്രമുഖ താരങ്ങൾ മാറ്റുരക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ഉജ്ജ്വല പോരാട്ടങ്ങൾക്ക് സാക്ഷിയാവാനാണ് ഖത്തറിലെ ആരാധകർക്ക് അവസരമൊരുങ്ങുന്നത്. പുരുഷ, വനിത സിംഗ്ൾസ്, ഡബ്ൾസ് എന്നിവക്കൊപ്പം മിക്സഡ് ഡബ്ൾസിലും മത്സരങ്ങൾ അരങ്ങേറും.
ക്യൂ ടിക്കറ്റ്സ് വഴി ആരാധകർക്ക് ടൂർണമെന്റ് ടിക്കറ്റുകൾ സ്വന്തമാക്കാമെന്ന് ഖത്തർ ടേബ്ൾ ടെന്നിസ് ഫെഡറേഷൻസ് അറിയിച്ചു. 2004ലായിരുന്നു ഖത്തറിലൂടെ മിഡിൽഈസ്റ്റിൽ ആദ്യമായി ടേബ്ൾ ടെന്നിസ് ലോകചാമ്പ്യൻഷിപ് എത്തിയത്. രണ്ടു പതിറ്റാണ്ടിനു ശേഷം ടൂർണമെന്റ് വീണ്ടും ഖത്തറിലെത്തുമ്പോൾ ആതിഥേയ രാജ്യങ്ങൾ ഉൾപ്പെടെ ഗൾഫ് മേഖലയിൽ ടേബ്ൾ ടെന്നിസ് പ്രധാന കായിക വിനോദങ്ങളിലൊന്നായി കഴിഞ്ഞുവെന്നതും സവിശേഷതയാണ്. ലോകോത്തര സ്പോർട്സ് മേളകൾക്ക് വിജയകരമായി ആതിഥ്യം വഹിച്ച ഖത്തർ അതേ നിലവാരത്തിൽതന്നെയാണ് ടേബ്ൾടെന്നിസ് ചാമ്പ്യൻഷിപ്പിനും വേദിയൊരുക്കുന്നതെന്ന് ഥാനി അൽ സാറ അറിയിച്ചു.
ടൂർണമെന്റിനുള്ള തയാറെടുപ്പുകൾ 90 ശതമാനവും പൂർത്തിയാക്കിയതായും ഖത്തർ ഫെഡറേഷൻസ് ബോർഡ് ഡയറക്ടറും നാഷനൽ ടീം കമ്മിറ്റി ചെയർമാനുമായ ഥാനി അറിയിച്ചു. ടീം അംഗങ്ങൾക്കും ഒഫിഷ്യലിനുമുള്ള താമസ സൗകര്യത്തിനായി അഞ്ച് ഫൈവ്സ്റ്റാർ ഹോട്ടലുകൾ തിരഞ്ഞെടുത്തു. കളിക്കാർക്കും അതിഥികൾക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി. ആരാധകർക്ക് വേദികളിലെത്താനുള്ള പ്ലാനും സജ്ജമാക്കി -അദ്ദേഹം വിശദീകരിച്ചു.