അടുത്ത വർഷത്തോടെ എമിറേറ്റിൽ ഡ്രൈവറില്ലാ ടാക്സികൾ നിരത്തിലിറക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അധികൃതർ അറിയിച്ചു. ഇതിനായി സ്വയം നിയന്ത്രിത വാഹന ഓപ്പറേറ്റർമാരായ ഉബർ ടെക്നോളജീസ്, വീ റൈഡ്, ബൈദു (അപ്പോളോ ഗോ) എന്നിവയുമായുള്ള ആഗോള പങ്കാളിത്തം വിപുലീകരിച്ചതായി ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.
പരീക്ഷണയോട്ടം ഈ വർഷാവസാനം ആരംഭിക്കും.നഗരത്തിലെ 90 ശതമാനം ഗതാഗത അപകടങ്ങളുടെ പ്രധാന കാരണം ഡ്രൈവർമാരുടെ അശ്രദ്ധയാണ്. അതിനാൽ കൂടുതൽ സ്വയം നിയന്ത്രിത വാഹനങ്ങൾ റോഡിലിറങ്ങുന്നത് ഗതാഗത സുരക്ഷ വർധിപ്പിക്കുമെന്ന് അൽ തായർ വിശദീകരിച്ചു.
സ്മാർട്ട് വാഹന സേവനങ്ങൾ ആരംഭിക്കുന്നതിന് ഒട്ടേറെ പ്രമുഖ ഓപ്പറേറ്റർമാർ ദുബായിയെ തിരഞ്ഞെടുക്കുന്നുണ്ട്. എമിറേറ്റിൽ ഷെവർലെ ബോൾട്ട് അധിഷ്ഠിത ക്രൂയിസ് വാഹനങ്ങൾ പുറത്തിറക്കാൻ ജനറൽ മോട്ടോഴ്സിന്റെ ഉടമസ്ഥയിലുള്ള ക്രൂയിസും ആർടിഎയും തമ്മിൽ ധാരണയായിട്ടുണ്ട്. 2023-ൽ ജുമൈര ഒന്നിൽ ഇതിന്റെ പരീക്ഷണയോട്ടവും നടത്തിയിട്ടുണ്ട്.
ആർടിഎയുമായുള്ള പങ്കാളിത്തം അപ്പോളോ ഗോയുടെ ചൈനയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ വിപുലീകരണമായിരിക്കുമെന്ന് ബൈദുവിന്റെ കോർപ്പറേറ്റ് വൈസ് പ്രസിഡന്റും ഇന്റലിജന്റ് ഡ്രൈവിങ് ഗ്രൂപ്പ് ചെയർമാനുമായ ഡോ.വാങ് യുൻപെങ് പറഞ്ഞു.
ഇതുവരെ 15 കോടി കിലോമീറ്ററിലേറെ സുരക്ഷിത ഡ്രൈവിങ് റെക്കോഡ് അപ്പോളോ ഗോയ്ക്കുണ്ട്. നിലവിൽ ചൈനയിലെ 10-ലേറെ നഗരങ്ങളിൽ സേവനങ്ങൾ നൽകുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരി മുതൽ പൂർണമായും ഡ്രൈവറില്ലാ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ഒരു കോടിയിലേറെ യാത്രകൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള ഗതാഗതത്തിന്റെ ഭാവി കെട്ടിപ്പടുക്കാനാണ് പുതിയ സഹകരണം ലക്ഷ്യമിടുന്നതെന്ന് ഊബറിന്റെ ഓട്ടോണോമസ് മൊബിലിറ്റി ആൻഡ് ഡെലിവറി ഓപ്പറേഷൻസ് ഗ്ലോബൽ മേധാവി നോയ സിക് പറഞ്ഞു.
പൊതുജനങ്ങൾക്ക് മികച്ച സ്വയം നിയന്ത്രിത വാഹന സേവനങ്ങൾ നൽകുന്നതിന് വീറൈഡും ഊബറും തമ്മിൽ സഹകരിക്കുന്ന രാജ്യത്തെ രണ്ടാമത്തെ എമിറേറ്റാണ് ദുബായ്. നിലവിൽ അബുദാബിയിൽ ഇരുവരും സഹകരണമുണ്ട്.
ലോകമെമ്പാടുമുള്ള 10 രാജ്യങ്ങളിലെ 30-ലേറെ നഗരങ്ങളിൽ വീറൈഡ് പ്രവർത്തിക്കുന്നുണ്ട്. മിഡിലീസ്റ്റിൽ സ്മാർട്ട് മൊബിലിറ്റി സൗകര്യങ്ങൾ വിപുലീകരിക്കാനുള്ള പ്രധാന ചുവടുവെയ്പിനെയാണ് പങ്കാളിത്ത വിപുലീകരണം അടയാളപ്പെടുത്തുന്നതെന്ന് വീറൈഡിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറും ഇന്റർനാഷണൽ ബിസിനസ് മേധാവിയുമായ ജെന്നിഫർലി പറഞ്ഞു.