ട്രംപിനെതിരെ തുറന്നടിച്ച് മാർക്ക് കാർണി

വാഹനങ്ങൾക്ക് ഉയർന്ന താരിഫ് ചുമത്തിയ സംഭവത്തിൽ ഡോണൾഡ് ട്രംപിന് കനത്ത വിമർശനവുമായി കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. അമേരിക്കയുമായുള്ള പഴയ ബന്ധം പൂർണമായി അവസാനിപ്പിക്കുകയാണന്ന് മാർക്ക് കാർണി പറഞ്ഞു. സാമ്പത്തികമായും സൈനികമായും ഇനി അമേരിക്കയുമായി യാതൊരു സഹകരണവുമില്ല. അമേരിക്കൻ സാമ്പത്തിക വ്യവസ്ഥയ്ക്ക് പരമാവധി ആഘാതമേൽപിക്കും വിധം എതിർ താരിഫുകൾ ചുമത്തുമെന്നും കാർണി അറിയിച്ചു. കാനഡയും അമേരിക്കയും തമ്മിലുള്ള ആഴത്തിലുള്ള സാമ്പത്തിക, സുരക്ഷാ, സൈനിക ബന്ധങ്ങളുടെ യുഗം അവസാനിച്ചുവെന്നായിരുന്നു കാർണിയുടെ വാക്കുകൾ.

അമേരിക്കയിലേക്കുള്ള വാഹന ഇറക്കുമതിക്ക് ട്രംപ് 25 ശതമാനം താരിഫ് ഏർപ്പെടുത്തിയിരുന്നു. വാഹനങ്ങളുടെ ഇറക്കുമതിക്കുള്ള തീരുക ഏപ്രിൽ 2ന് പ്രാബല്യത്തിൽ വരും. വാഹനഘടക ഇറക്കുമതിക്ക് മെയ് മുതലാകും ബാധകമാവുക.കനേഡിയൻ ഓട്ടോ മേഖലക്ക് കനത്ത തിരിച്ചടിയാകുന്നതാണ് ട്രംപിന്റെ തീരുമാനം.ട്രംപിന്റെ വാഹന താരിഫുകൾ ന്യായീകരിക്കാനാവാത്തതാണെന്നും രാജ്യങ്ങൾ തമ്മിലുള്ള നിലവിലുള്ള വ്യാപാര കരാറുകളുടെ ലംഘനമാണെന്നും കാർണി പറഞ്ഞു.

ട്രംപിന്റെ പ്രഖ്യാപനത്തിനുശേഷം, ഏപ്രിൽ 28 ന് കാനഡയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കാർണി തന്റെ പ്രചാരണം താൽക്കാലികമായി നിർത്തിവച്ച ശേഷം അമേരിക്കയുമായുള്ള വ്യാപാര പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി കാബിനറ്റ് അംഗങ്ങളുടെ യോഗത്തിനായി ഒട്ടാവയിലേക്ക് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *