യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം റമദാനോടനുബന്ധിച്ച് പ്രഖ്യാപിച്ച ഫാദേഴ്സ് എൻഡോവ്മെന്റ് പദ്ധതിയിലേക്ക് 50 ലക്ഷം ദിർഹം (11.78 കോടി രൂപ) നൽകി ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ.
പിതാക്കന്മാരെ ആദരിക്കുന്നതിനും അർഹരായവർക്ക് ചികിത്സയും ആരോഗ്യസംരക്ഷണവും നൽകുന്നതിനുമായി ആരംഭിച്ച സുസ്ഥിര എൻഡോവ്മെന്റ് ഫണ്ട് മാതാപിതാക്കളോടുള്ള ബഹുമാനം, കാരുണ്യം, ഐക്യദാർഢ്യം എന്നീ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ യു.എ.ഇയുടെ സ്ഥാനം ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടാണ്.
ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പദ്ധതിയിൽ പങ്കാളിയായതിന് ഡോ. ഷംഷീറിനെ ആദരിച്ചു. സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന വ്യക്തികളുടെ ജീവിതത്തിൽ വെളിച്ചവും പ്രത്യാശയും പകരുന്ന ഫാദേഴ്സ് എൻഡോവ്മെന്റ് പദ്ധതി യു.എ.ഇയുടെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. റമദാനിൽ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവ്സ് നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതികളിലെ സ്ഥിരം പങ്കാളിയാണ് ഡോ. ഷംഷീർ. പാവപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കാനുള്ള മുൻ വർഷങ്ങളിലെ പദ്ധതിയിലും അദ്ദേഹം ഭാഗമായിരുന്നു.