ഖത്തറിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ഖത്തറിൽ ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ 7 വരെ രാജ്യത്തെ മന്ത്രാലയങ്ങൾക്കും, സർക്കാർ സ്ഥാപനങ്ങൾക്കും, പൊതുസ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് അമീരി ദിവാനി അറിയിച്ചു. ഈദുൽ ഫിത്തർ അവധി കഴിഞ്ഞ് ഏപ്രിൽ 8 പ്രവർത്തി ദിനമായിരിക്കും. ഔദ്യോഗികമായി 9 ദിവസമാണ് അവധി പ്രഖ്യാപിച്ചതെങ്കിലും ഈ ആഴ്ചയിലെ വാരാന്ത്യ  അവധി ഉൾപ്പെടെ ജീവനക്കാർക്ക് 11 ദിവസത്തെ അവധി ലഭിക്കും. ഈയാഴ്ചയിലെ അവസാന പ്രവർത്തി ദിനമായ വ്യാഴാഴ്ച കഴിഞ്ഞാൽ പിന്നെ ഏപ്രിൽ 8 ന് മാത്രമേ ജോലിയിൽ പ്രവേശിക്കേണ്ടതുള്ളൂ.

ഖത്തർ സെൻട്രൽ ബാങ്ക്  ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റി (ക്യുഎഫ്എംഎ) നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾ എന്നിവയുടെ അവധി സംബന്ധമായ തീരുമാനം ക്യുസിബി ഗവർണർ കൈക്കൊള്ളണമെന്നും അമീരി ദിവാനി അറിയിച്ചു.

ഖത്തർ കലണ്ടർ ഹൗസിന്റെ പ്രഖ്യാപനം അനുസരിച്ച് ഞായറാഴ്ചയായിരിക്കും ഖത്തറിൽ ഈദുൽ ഫിത്തർ എന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് സാധാരണഗതിയിൽ മൂന്ന് ദിവസമാണ് ഈദ് അവധി അനുവദിക്കാറുള്ളത്. എന്നാൽ ചില സ്വകാര്യ സ്ഥാപനങ്ങൾ നാലും അഞ്ചും ദിവസം അവധി അനുവദിക്കാറുണ്ട്.

രാജ്യത്തെ പൊതു അവധി ദിവസങ്ങളിലും അനിവാര്യമായി പ്രവർത്തിക്കേണ്ട മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും ചില ക്രമീകരണങ്ങളുടെ പ്രവർത്തിക്കും. ഇത് സംബന്ധമായ അറിയിപ്പ് അടുത്ത ദിവസങ്ങളിൽ മന്ത്രാലയങ്ങൾ നൽകുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *