രാജ്യത്തെ സുരക്ഷ സ്ഥിതിഗതികൾ വിലയിരുത്തി ആക്ടിങ് പ്രധാനമന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് അസ്സബാഹ്. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാരുമായും പ്രധാന സുരക്ഷ ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ബയാൻ പാലസിൽ ശൈഖ് സാലിം അൽ നവാഫിന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച. ദേശീയ സുരക്ഷ നിലനിർത്തുന്നതിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളെ യോഗത്തിൽ ശൈഖ് ഫഹദ് അഭിനന്ദിച്ചു.
റമദാൻ അവസാന പത്തിലും ഈദുൽ ഫിത്‌റിലും കൈക്കൊള്ളേണ്ട സുരക്ഷാക്രമീകരണങ്ങൾ, രാജ്യത്തെ ഗവർണറേറ്റുകളിലുടനീളമുള്ള വർക്ക് പ്ലാനുകൾ, സുരക്ഷ നടപടികൾ, ഗതാഗത മാനേജ്‌മെന്റ് എന്നിവ ആക്ടിങ് പ്രധാനമന്ത്രി അവലോകനം ചെയ്തു.
പള്ളികളിലെ സുരക്ഷ, ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് നിയന്ത്രണം ഉൾപ്പെടെയുള്ള സുരക്ഷ, ഗതാഗത പദ്ധതികളെക്കുറിച്ച റിപ്പോർട്ടുകളും പരിശോധിച്ചു. റമദാനിലെ അവസാന ദിവസങ്ങളിൽ ആരാധന, ഷോപ്പിങ്, സഞ്ചാരം എന്നിവക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുഖസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും സുരക്ഷയും ഗതാഗത ശ്രമങ്ങളും ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഉണർത്തി.
സുരക്ഷ, ഗതാഗത ലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും പൊതുസുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും ശൈഖ് ഫഹദ് അൽ യൂസഫ് അസ്സബാഹ് നിർദേശിച്ചു.