സാമൂഹിക വർഷത്തോടനുബന്ധിച്ച് യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അബുദാബിയിലെ സ്വൈഹാൻ സായുധ പരിശീലന കേന്ദ്രത്തിൽ സന്ദർശനം നടത്തി. ദേശീയ സേവന റിക്രൂട്ട്മെന്റിലുള്ളവർക്കൊപ്പം ഇഫ്താർ വിരുന്നിലും പങ്കെടുത്തു.
യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ശൈഖ് അഹമ്മദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ ഉൾപ്പെടെ ഒട്ടേറെ മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിന്റെ ഭാഗമായി. കേന്ദ്രത്തിലെ ഉയർന്ന അച്ചടക്കബോധത്തെയും സമർപ്പണത്തെയും അദ്ദേഹം പ്രശംസിച്ചു. ദേശീയ സേവനം എന്നത് ശക്തമായ പ്രതിരോധ സംവിധാനമാണ്.
യുഎഇ സായുധസേനയുടെ മൂല്യങ്ങൾ യുവാക്കളിൽ വളർത്തിയെടുക്കും. ദേശീയ സേവനത്തിനായി പോകുന്ന യുവാക്കളുടെ ദൃഢനിശ്ചയം, സ്ഥിരോത്സാഹം എന്നിവയെയും ശൈഖ് ഹംദാൻ അഭിനന്ദിച്ചു. യുഎഇ പ്രസിഡന്റും സായുധസേനയുടെ സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ മികച്ച രീതിയിൽ ചുമതലകൾ നിർവഹിക്കാൻ വിജയാശംസകളും അറിയിച്ചു.