കടയ്ക്കൽ ക്ഷേത്രോത്സവത്തിലെ വിപ്ലവഗാനത്തിൽ ഇടപെടൽ തേടി ഹൈക്കോടതിയിൽ ഹർജി

കടയ്ക്കൽ ക്ഷേത്രോത്സവത്തിലെ വിപ്ലവഗാനത്തിൽ ഇടപെടൽ തേടി ഹൈക്കോടതിയിൽ ഹർജി. ക്ഷേത്രപരിസരം രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഹർജി. ഉത്സവ ചടങ്ങിന്റെ പവിത്രത കളങ്കപ്പെട്ടെന്നും ഹർജിയിൽ പറയുന്നു. അഭിഭാഷകനായ വിഷ്ണു സുനിലാണ് ഹർജി നല്‍കിയത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കടയ്ക്കല്‍ ക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ചാണ് വിവാദം. സിപിഎം-ഡിവൈഎഫ്‌ഐ ചിഹ്നങ്ങളും കൊടികളും എല്‍ഇഡി വോളില്‍ പ്രദര്‍ശിപ്പിച്ച് കൊണ്ട് ഗായകന്‍ അലോഷി ക്ഷേത്രോത്സവ വേദിയില്‍ ആലപിച്ച വിപ്ലവഗാനത്തോട് ശക്തമായ എതിര്‍പ്പുമായി രാഷ്ട്രീയ സംഘടനകള്‍ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു.

കടയ്ക്കല്‍ തിരുവാതിരയുടെ ഒന്‍പതാം ഉത്സവദിനമായ മാര്‍ച്ച് 10ന് ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഗായകന്‍ അലോഷിയുടെ സംഗീത പരിപാടിക്കിടെയാണ് വിപ്ലവ ഗാനം ആലപിച്ചത്. ക്ഷേത്രോത്സവത്തിലെ വിപ്ലവ ഗാനാലാപനത്തിനെതിരെ ദേവസ്വം ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *