യമനിലെ ഹൂതി വിമത കേന്ദ്രങ്ങൾ ആക്രമിച്ച് യു.എസ്. 31 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.
തലസ്ഥാനമായ സനാ, തൈസ്, ദാഹ്യാൻ നഗരങ്ങളിലാണ് ആക്രമണമുണ്ടായത്. ജനുവരിയിൽ യു.എസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റ ശേഷമുള്ള ഏറ്റവും വലിയ സൈനിക ദൗത്യമായിരുന്നു ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണം.
ഹൂതികൾക്കെതിരെയുള്ള ആക്രമണ പരമ്പര യു.എസ് ആഴ്ചകളോളം തുടർന്നേക്കുമെന്നാണ് സൂചന. അതേസമയം, പ്രകോപനങ്ങളോട് അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചു. യു.എസിന്റേത് യുദ്ധക്കുറ്റമാണെന്നും ആരോപിച്ചു.
ഗാസയിലേക്ക് സഹായം എത്തിച്ചില്ലെങ്കിൽ ചെങ്കടലിലൂടെ പോകുന്ന കപ്പലുകളെ ആക്രമിക്കുന്നത് പുനരാരംഭിക്കുമെന്ന ഹൂതികളുടെ ഭീഷണിക്ക് പിന്നാലെയായിരുന്നു യു.എസിന്റെ നടപടി.