മണിപ്പൂരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് അതിർത്തി സുരക്ഷാ സേന ഉദ്യോഗസ്ഥർ മരിച്ചു. 13 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് സൈനികർ സംഭവസ്ഥലത്തും മറ്റൊരു ജവാൻ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.
സേനാപതി ജില്ലയിലെ ചങ്കൗബംഗ് ഗ്രാമത്തിൽ ഇന്നലെയാണ് വാഹനം റോഡിൽ നിന്ന് തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞതെന്നാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. മൂന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ട അപകടത്തിൽ മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ല ദുഃഖം രേഖപ്പെടുത്തി. സംഭവത്തെ കുറിച്ച് സൈന്യവും പോലീസും അന്വേഷണം നടത്തുന്നുണ്ട്.