വിവാഹത്തിന്റെ പിറ്റേന്ന് വധുവരൻമാർ മുറിയിൽ നിന്ന് പുറത്ത് വന്നില്ല. പരിശോധനയിൽ കണ്ടെത്തിയത് മൃതദേഹങ്ങൾ. ഉത്തർ പ്രദേശിലെ അയോധ്യയിലാണ് വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ നവ വധുവരന്മാർ മരിച്ചത്. 22 കാരിയായ ശിവാനിയും ഭർത്താവും 25കാരനുമായ പ്രദീപുമാണ് മണിയറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശിവാനി കിടക്കയിൽ മരിച്ച നിലയിലും പ്രദീപ് സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം. മാർച്ച് ഏഴിനായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഞായറാഴ്ച റിസപ്ഷൻ നടക്കാനിരിക്കെയാണ് വധുവരന്മാരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശിവാനി ശനിയാഴ്ച രാവിലെയാണ് പ്രദീപിന്റെ വീട്ടിലേക്ക് എത്തിയത്. റിസപ്ഷനുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ വധുവും വരനും മണിയറയിൽ നിന്ന് പുറത്തേക്ക് വരാതെ വന്നതോടെ ബന്ധുക്കൾ വാതിലിൽ തട്ടിവിളിച്ചിട്ടും പ്രതികരിക്കാതെ വന്നതോടെ വീട്ടുകാർ വാതിൽ ബലമായി തുറന്ന് അകത്ത് കയറുകയായിരുന്നു.
ഒരു വർഷം മുൻപാണ് ഇരുവരും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നതെന്നാണ് ബന്ധുക്കൾ വിശദമാക്കുന്നത്. രണ്ട് പേരും ബന്ധത്തിൽ അതീവ സന്തോഷവാന്മാരായിരുന്നതായാണ് കുടുംബാംഗങ്ങൾ വിശദമാക്കുന്നത്. 22കാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതാണെന്നാണ് പുറത്ത് വരുന്ന വിവരം. ഒരു വർഷത്തോളം പ്രത്യേകിച്ച് തകരാറുകൾ ഒന്നുമില്ലാതെ പോയ ബന്ധത്തിൽ വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ എന്താണ് സംഭവിച്ചതെന്ന് അറിയാത്ത നിലയിലാണ് ബന്ധുക്കളുള്ളത്.
മൂന്ന് സഹോദരങ്ങളാണ് ശിവാനിക്കുള്ളത്. ടൈൽസ് സ്ഥാപനത്തിലെ ജീവനക്കാരനായ പ്രദീപിന് ഒരു സഹോദരനും മൂന്ന് സഹോദരിമാരുമാണ് ഉള്ളത്. സംഭവത്തിൽ ഫൊറൻസിക് സംഘം മണിയറ അടക്കമുള്ളവ പരിശോധിച്ചു. പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അകത്ത് നിന്ന് അടച്ച നിലയിലായിരുന്നു മുറിയുണ്ടായിരുന്നത്. മരണത്തിൽ പുറത്ത് നിന്നുള്ള ഇടപെടൽ ഉള്ളതായി സംശയിക്കുന്നില്ലെന്നാണ് അയോധ്യ എസ്എസ്പി രാജ് കരൺ നയ്യാർ വിശദമാക്കിയത്.