മൂന്നാമതും കുഞ്ഞുങ്ങൾക്ക് ജൻമം നൽകുന്ന അമ്മമാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് ടിഡിപി എംപി കാളിഷെട്ടി അപ്പലനായിഡു രംഗത്ത്. പെൺകുട്ടി ജനിച്ചാൽ 50,000 രൂപയും ആൺകുട്ടിക്ക് പശുവും സമ്മാനമായി നൽകുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. അപ്പലനായിഡുവിന്‍റെ വാഗ്ദാനം സംസ്ഥാനത്തുടനീളം ശ്രദ്ധ നേടുകയും നിരവധി പേര്‍ തീരുമാനത്തെ പ്രശംസിച്ച് രംഗത്തെത്തുകയും ചെയ്തു. ആന്ധ്രാപ്രദേശിൽ ജനസംഖ്യ കുറയുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആശങ്ക പ്രകടിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തിൽ വിജയനഗരത്തിലെ രാജീവ് സ്‌പോർട്‌സ് കോമ്പൗണ്ടിൽ നടന്ന ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി എംപി സ്വന്തം ശമ്പളത്തിൽ നിന്നാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
ജനസംഖ്യാ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നായിഡുവും പരാമര്‍ശിച്ചിരുന്നു. സമൂഹത്തിൽ പ്രായമേറിയവരുടെ എണ്ണം കൂടിവരുന്നതിൽ ആശങ്ക പ്രകടിപ്പിച്ചായിരുന്നു ചന്ദ്രബാബു നായിഡു പ്രസ്താവന നടത്തിയത്. കുട്ടികളുടെ എണ്ണം വർധിപ്പിക്കാൻ ആഹ്വാനം ചെയ്ത അദ്ദേഹം ആന്ധ്രയിൽ രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവരെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കുന്ന നിയമം പിൻവലിച്ചതോർമ്മിപ്പിക്കുകയും ചെയ്തു. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവർക്ക് മാത്രമേ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയുണ്ടാവുകയുള്ളൂവെന്ന തരത്തില്‍ നിയമം പാസാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി കൂട്ടിച്ചേർക്കുകയും ചെയ്തു. എത്ര കുട്ടികളുണ്ടെങ്കിലും പ്രസവ സമയത്ത് എല്ലാ വനിതാ ജീവനക്കാർക്കും പ്രസവാവധി അനുവദിക്കുമെന്ന് ചന്ദ്രബാബു നായിഡു ഈയിടെ പ്രഖ്യാപിച്ചിരുന്നു.