ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ഇഫ്താര്‍ പരിപാടികൾക്ക് തുടക്കമിട്ട് സൗദി അറേബ്യ

സൗദി അറേബ്യയിലെ ഇസ്ലാമിക കാര്യ, ദഅ്വ, ഗൈഡൻസ് മന്ത്രാലയം റമദാൻ മാസത്തിൽ നിരവധി ഇന്ത്യൻ നഗരങ്ങളിൽ ഇഫ്താർ പരിപാടികൾ ആരംഭിച്ചു. ഇന്ത്യയെക്കൂടാതെ നേപ്പാൾ, മാലിദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കും സൗദി പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്. റമദാൻ മാസത്തിൽ സൗദി നടത്തുന്ന മാനുഷിക പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പദ്ധതി നടപ്പാക്കുന്നത്.

ഇന്ത്യയില്‍ മാത്രം 50,000ത്തിലധികം ഗുണഭോക്താക്കളെയും മറ്റു നാലു രാജ്യങ്ങളിലായി ഏകദേശം 100,000 ഗുണഭോക്താക്കളെയും പ്രതീക്ഷിക്കുന്ന ഈ സംരംഭം, ഐക്യം വളര്‍ത്തുന്നതിനും വിശുദ്ധ മാസത്തില്‍ നിര്‍ണായക പിന്തുണ നല്‍കുന്നതിനുമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

മധ്യ പൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ രാജ്യമായ സഊദി ആരംഭിച്ച ഇഫ്താര്‍ പരിപാടിയില്‍ സഊദി എംബസികള്‍, അംഗീകൃത ചാരിറ്റബിള്‍ സെന്ററുകള്‍, പ്രമുഖ ഇസ്‌ലാമിക വ്യക്തികള്‍ എന്നിവരുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്രൂപ്പ് ഇഫ്താര്‍ വിരുന്നുകളും ഉള്‍പ്പെടും. പദ്ധതി ആവശ്യക്കാരിലേക്ക് ഫലപ്രദമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാനുള്ള നടപടികളും സഊദി സ്വീകരിച്ചിട്ടുണ്ട്.

പരിപാടികളുടെ ഗുണഭോക്താക്കള്‍ സഊദി നേതൃത്വത്തെ പ്രശംസിക്കുകയും റമദാന്‍ വേളയില്‍ നല്‍കിയ പിന്തുണയ്ക്ക് രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *