ഒമാനിലെ രണ്ടാമത്തെ വലിയ നഗരമായ സലാലയുടെ തീരപ്രദേശം സമഗ്രമായി പുനർനിർമ്മിക്കുന്നതിനുള്ള മാസ്റ്റർപ്ലാൻ ഒമാൻ ഭവന നഗര ആസൂത്രണ മന്ത്രാലയം പുറത്തിറക്കി. ഒമാൻ വിഷൻ 2040 ന്റെ ഭാഗമായി, ഈ വർഷം അവസാനത്തോടെ ‘ന്യൂ സിറ്റി സലാല’ വാട്ടർഫ്രണ്ട് വികസന പദ്ധതിക്ക് തുടക്കമാകും. രാജ്യത്തുടനീളം നടപ്പിലാക്കുന്ന 33 ബില്യൺ ഒമാനി റിയാലിന്റെ വികസന പദ്ധതിയുടെ സുപ്രധാന ഭാഗമാണിത്.
പ്രമുഖ അന്താരാഷ്ട്ര ഡിസൈൻ സ്റ്റുഡിയോയായ സാസാക്കി രൂപകൽപ്പന ചെയ്ത ഈ പദ്ധതി 7.3 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് വ്യാപിച്ചു കിടക്കുന്നത്. 60,000 താമസക്കാർക്ക് വീടുകളൊരുക്കുന്ന 12,000ത്തിലധികം റെസിഡൻഷ്യൽ യൂണിറ്റുകളാണ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുക.
3,500,000 ചതുരശ്ര മീറ്റർ തുറസ്സായ സ്ഥലങ്ങളും പാർക്കുകളും, 200,000 ചതുരശ്ര മീറ്റർ റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി സ്ഥലങ്ങൾ, 100,000 ചതുരശ്ര മീറ്റർ സാംസ്‌കാരിക സ്ഥലങ്ങളും സൗകര്യങ്ങളും, രണ്ട് പുതിയ ആശുപത്രികൾ, സംയോജിത മൾട്ടിമോഡൽ ഗതാഗത മാർഗങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടും.