ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയ കേസില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററായ എം.എസ്. സൊല്യൂഷന്‍സ് സി.ഇ.ഒ. മുഹമ്മദ് ഷുഹൈബ് കീഴടങ്ങി. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയാണ് ഒന്നാം പ്രതിയായ ഷുഹൈബ് കീഴടങ്ങിയത്. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് കീഴടങ്ങൽ.
അതേസമയം, എം.എസ്. സൊല്യൂഷന്‍സിനെ തകർക്കാൻ ഒരു പ്രധാന സ്ഥാപനം ശ്രമിക്കുന്നു എന്നാണ് ഷുഹൈബ് ആരോപിക്കുന്നത്. അതിന്റെ ഭാഗമായാണ് ഈ കേസ്. ഇവർ നാട്ടിലെ പ്രാദേശിക നേതാവിന് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. തന്റെ വാദങ്ങളെല്ലാം നേരത്തെ പറഞ്ഞിട്ടുണ്ട്. ചോദ്യപേപ്പർ കൈപ്പറ്റിയ അധ്യാപകൻ ഫഹദിനെ അയച്ചത് മറ്റൊരു സ്ഥാപനമാണ്. ഇതിനുള്ള തെളിവുകൾ കൈവശമുണ്ടെന്നും ഷുഹൈബ് മാധ്യമങ്ങളോട് പറഞ്ഞു.
വ്യാഴാഴ്ച രാവിലെയാണ് ഷുബൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. കഴിഞ്ഞ ദിവസം കോടതി ഷുഹൈബിന്റെ അറസ്റ്റ് തടഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ നേരിട്ട് ഹാജരായി ചോദ്യം ചെയ്യലിന് വിധേയനായിരുന്നു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അൺ എയ്ഡഡ് സ്കൂളിലെ പ്യൂണിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം സ്വദേശി അബ്ദുൾ നാസറിനെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇയാൾ ചോദ്യപേപ്പർ ചോർത്തി എം.എസ്. സൊല്യൂഷൻസിലെ അധ്യാപകനായ ഫഹദിന് നൽകുകയായിരുന്നു.
ഈ ചോദ്യങ്ങൾ ഫഹദ് യൂട്യൂബ് ചാനലിലൂടെ പുറത്തുവിടുകയായിരുന്നുവെന്നും അന്വേഷണസംഘം വ്യക്തമാക്കി. ഇതേ വിഷയവുമായി ബന്ധപ്പെട്ട് ഫഹദിനെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.