ഒമാൻ-അജ്മാൻ ബസ് സർവിസിന് തുടക്കം; ദിവസേന രണ്ട് സർവിസുകൾ

ഒമാനിൽ നിന്നും അജ്മാനിലേക്ക് പുതിയ ബസ് സർവീസിന് തുടക്കം. പ്രമുഖ ഗതാഗത കമ്പനിയായ അൽഖഞ്ചരിയാണ് സർവീസിന് തുടക്കമിട്ടത്. ദിവസേന രണ്ട് സർവീസുകളാണ് നടത്തുന്നത്. അജ്മാനിൽ നിന്നും മസ്‌കത്തിലേക്കും ദിവസേന രണ്ട് സർവീസുകൾ ഉണ്ടാകും. ഒരു ഭാഗത്തേക്ക് പത്ത് റിയാലാണ് ടിക്കറ്റ് നിരക്ക്. രാവിലെ ആറ് മണിക്കും ഒമ്പത് മണിക്കുമാണ് മസ്‌കത്തിൽ നിന്നും ബസുകൾ സർവീസ് ആരംഭിക്കുന്നത്.

അജ്മാനിൽ നിന്ന് രാവിലെ 9 മണിക്കും 11 മണിക്കും സർവീസുകൾ ഉണ്ടാകും.1998ൽ ആരംഭിച്ച സ്വദേശി ഗതാഗത കമ്പനിയാണ് അൽ ഖഞ്ചരി. ഒമാനിലെ ദുകം ഗവർണറേറ്റിലേക്കും റിയാദ്, ദുബൈ എന്നിവിടങ്ങളിലേക്കും അൽ ഖഞ്ചരി സർവീസ് നടത്തുന്നുണ്ട്. ഉംറ അടക്കമുള്ള ആവശ്യങ്ങൾക്ക് മക്കയിലും മദീനയിലും പോകുന്നവർ മസ്‌കത്തിൽ നിന്നും റിയാദിലേക്കുള്ള ഖഞ്ചരി ബസ് സർവീസുകൾ ധാരാളമായി ഉപയോഗപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ റൂട്ടുകളിൽ തിരക്കും വർധിച്ചിട്ടുണ്ട്.

അതേസമയം, അജ്മാൻ സർവീസുകൾ ആരംഭിച്ചത് അജ്മാൻ വഴി ദുബൈയിലേക്ക് പോകുന്നവർക്ക് അനുഗ്രഹമാണ്. ദുബൈയിൽ ടൂറിസ്റ്റ് വിസ നിയമങ്ങൾ കർശനമാക്കിയതോടെ മറ്റു എമിറേറ്റുകൾ വഴി ദുബൈയിലേക്ക് പോകുന്നവരും നിരവധിയാണ്. ഒമാനിൽ നിന്നുളള ഇത്തരം യാത്രക്കാർക്ക് അജ്മാൻ സർവീസ് ഏറെ ഉപകാരപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *