മണാലിയിലേക്ക് വിനോദയാത്രക്ക് പോയി വൈറലായ ഉമ്മക്കെതിരായ മത പണ്ഡിതന്‍റെ പ്രസംഗം വിവാദത്തിൽ. ഭർത്താവ് മരിച്ച സ്ത്രീ വീട്ടിൽ അടങ്ങിയിരിക്കാതെ യാത്ര നടത്തുന്നത് തെറ്റാണെന്നാണ് പണ്ഡിതന്‍റെ പ്രസംഗം. പ്രസംഗവും തുടർന്നുണ്ടായ പ്രചാരണവും ഉമ്മയെ മാനസികമായി ഏറെ വേദനിപ്പിച്ചെന്ന് മകൾ ജിഫാന പറഞ്ഞു. കോഴിക്കോട് കടിയങ്ങാട് സ്വദേശി നബീസുമ്മയാണ് മണാലി യാത്രയുടെ ദൃശ്യങ്ങളിലൂടെ വൈറൽ ആയത്.
ഇക്കഴിഞ്ഞ ഡിസംബർ 11നാണ് നബീസുമ്മ മകൾക്കൊപ്പം മണാലി കാണാൻ പോയത്- “ഞമ്മളെ ഫ്രണ്ട്സ് ഹാജറാ ഷഫിയാ നസീമാ സക്കീനാ നിങ്ങളൊക്കെ വീട്ടിലിരുന്നോ മക്കളേ. എന്താ രസം. ഇതാ ഇച്ചൂന്റെ കൂടെ വന്നിട്ട് അടിപൊളിയല്ലേ വന്നോളീ മക്കളേ” എന്ന നബീസുമ്മയുടെ മണാലി റീൽ വൈറലായിരുന്നു. നബീസുമ്മയുടെ സന്തോഷം സമൂഹ മാധ്യമങ്ങളിലാകെ തരംഗമായി. ആ വീഡിയോ കണ്ടവരുടെയെല്ലാം മനസ്സ് നിറഞ്ഞു.
അതിനിടയിലാണ് കാന്തപുരം വിഭാഗം നേതാവും മതപണ്ഡിതനുമായ ഇബ്രാഹിം സഖാഫി നഫീസുമ്മയുടെ യാത്രയെ അധിക്ഷേപിച്ച് രംഗത്തെത്തിയത്- “25 വർഷം മുമ്പ് ഭര്‍ത്താവ് മരിച്ച ഒരു വല്യുമ്മ ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്‌റും ചൊല്ലുന്നതിനു പകരം ഏതോ ഒരു അന്യ സ്റ്റേറ്റിലേക്ക് മഞ്ഞിൽ കളിക്കാൻ പോയി. മഞ്ഞ് വാരിയിങ്ങനെ ഇടുകയാണ് മൂപ്പത്തി. ഇതാണ് പ്രശ്നം” എന്നായിരുന്നു പരാമർശം.
ഭർത്താവ് നഷ്ടപ്പെട്ട സ്ത്രീക്ക് ലോകം കാണാൻ അവകാശമില്ലേ എന്ന ചോദ്യവുമായി മകൾ ജിഫ്ന രംഗത്തെത്തി- “ഉമ്മയ്ക്കിപ്പോ എല്ലാരും കൂടുന്ന വേദികളിൽ പോകാനോ ആരോടും സംസാരിക്കാനോ പറ്റുന്നില്ല. ബന്ധു മരിച്ചിട്ട് ആ വീട്ടിൽ പോലും പോകാൻ പറ്റുന്നില്ല. ഉസ്താദ് അങ്ങനെ പറഞ്ഞല്ലോ ഇങ്ങനെ പറഞ്ഞല്ലോ എന്നൊക്കെയാണ് കാണുന്നവരൊക്കെ ചോദിക്കുന്നത്. ഉമ്മ വലിയ പ്രയാസത്തിലാണ്. വലിയ എന്തോ തെറ്റ് ചെയ്തത് പോലെയാണ്. ഉമ്മ കരയുകയാണ്. ഉമ്മ ഇൻസ്റ്റഗ്രാമിനെ കുറിച്ചോ യൂട്യൂബിനെ കുറിച്ചോ ഒന്നും അറിവുള്ള ആളല്ല. യാത്ര പോയതിന്‍റെ സന്തോഷം മുഴുവൻ പോയി”