വാർത്തകൾ ഒറ്റനോട്ടത്തിൽ

ശശി തരൂരിനെ വെച്ച് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പരിപാടി സംഘടിപ്പിക്കും. വൈസ് പ്രസിഡന്‍റ് റിജില്‍ മാക്കുറ്റിയുടേതാണ് പ്രതികരണം. കൂടാതെ കോഴിക്കോട്ടെ പരിപാടിയില്‍ പങ്കെടുത്തതിന് നടപടി ഭയക്കുന്നില്ലെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു. അതേസമയം കോഴിക്കോട് താൻ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടു. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാൻ പാടില്ലായിരുന്നുവെന്നും തരൂർ പറഞ്ഞു.

…………………………………

പടക്കം പൊട്ടിത്തെറിച്ച് പോലീസുകാരന് പരിക്ക്. ചേർത്തല പൊലീസ് ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചാണ് പോലീസുകാരന് പരുക്കേറ്റത്. കാലിന് പരുക്കേറ്റ പോലീസുകാരൻ സുനിൽ കുമാറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പടക്കം സൂക്ഷിച്ചിരുന്ന സ്ഥലത്ത് നിന്ന് ഫോണിൽ സംസാരിക്കുന്നതിനിടെ ഫോൺ നിലത്തുവീണ് സ്പാർക്കിങ്ങ് ഉണ്ടായി പൊട്ടിത്തെറിച്ചതാണെന്നാണ് പൊലീസ് വിശദീകരണം. സുനിൽ കുമാറിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ജില്ല പൊലീസ് മേധാവി അറിയിച്ചിരിക്കുന്നത്.

…………………………………

കൊവിഡ് ഇടവേളയ്ക്ക് ശേഷം നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് കോഴിക്കോട് വേദിയാവും. ജനുവരി മൂന്ന് മുതൽ ഏഴ് വരെയാണ് കോഴിക്കോട് നഗരത്തിൽ സംസ്ഥാന സ്കൂൾ കലോത്സവം അരങ്ങേറുക. കോഴിക്കോട് വെസ്റ്റ്ഹില്ലിലുള്ള വിക്രം മൈതാനമായിരിക്കും കലോത്സവത്തിൻ്റെ പ്രധാന വേദി. ആകെ 25 വേദികളിലായാവും പരിപാടികൾ അരങ്ങേറുക.

…………………………………

ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നുവെന്നത് മലയാളികളെ സംബന്ധിച്ച് ഏറെ ആവേശകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധാരാളം മലയാളി പ്രവാസികളുള്ള രാജ്യമാണ് ഖത്തർ. ഇതുവഴി നമ്മുടെ ഫുട്ബോൾ പ്രേമികൾക്ക് ലോകോത്തര ഫുട്ബോൾ മത്സരങ്ങൾ കാണാനുള്ള സുവർണാവസരം വന്നു ചേർന്നിരിക്കുകയാണ്. ലോകകപ്പിന്റെ മുന്നൊരുക്കങ്ങളിലും മറ്റ് നിർമ്മാണ പ്രവൃത്തികളിലും നമ്മുടെ പ്രവാസി സഹോദരങ്ങൾ പങ്കുചേർന്നിട്ടുണ്ട്. അവരുടെ വിയർപ്പിന്‍റെയും കൂടി സാക്ഷാത്കാരമാണ് ഈ വിശ്വമാമാങ്കമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

…………………………………

കേരളത്തിലെ സംവരണ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായ പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന് ആരോപിച്ച് സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്‍ എന്നിവര്‍ക്കെതിരെയാണ് കോടതിയലക്ഷ്യ ഹര്‍ജി. ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ഹൃഷികേശ് റോയ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നത്. മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റ് ചെയര്‍മാനും പ്രമുഖ അഭിഭാഷകനുമായ വി.കെ. ബീരാന്‍ ആണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

…………………………………

‘ഭാരത് ജോഡോ യാത്ര’യില്‍ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ പങ്കെടുത്തതിന്‍റെ പേരില്‍ ജോഡോ യാത്ര നയിക്കുന്ന കോണ്‍ഗ്രസ് എംപി രാഹുൽ ഗാന്ധിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി കോണ്‍ഗ്രസ് നേതാവിനെ വിമര്‍ശിച്ചത്. ഒരു കോൺഗ്രസ് നേതാവ് നർമ്മദാ അണക്കെട്ട് പദ്ധതി മൂന്ന് പതിറ്റാണ്ടായി സ്തംഭിപ്പിച്ച ഒരു സ്ത്രീക്കൊപ്പം പദയാത്ര നടത്തുന്നത് കണ്ടു എന്നായിരുന്നു മോദിയുടെ വിമര്‍ശനം.

…………………………………

ഉംറ തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനായി തയ്യാറാക്കിയ നുസുക് പ്ലാറ്റ് ഫോം ഔദ്യോഗികമായി ആരംഭിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി നൂറ്റി ഇരുപത് സേവനങ്ങൾ ആപ്പിലൂടെ ലഭിക്കും. സൗദി ടൂറിസം മന്ത്രാലയവുമായും ടൂറിസം അതോറിറ്റിയുമായും സഹകരിച്ചാണ് നുസുക് പ്ലാറ്റ് ഫോം പുറത്തിറക്കിയിരിക്കുന്നത്

…………………………………

വിനോദസഞ്ചാരികൾക്കും താമസക്കാർക്കും കാഴ്ചയുടെ പുതുവസന്തമൊരുക്കി യാസ് ബേ വാട്ടർഫ്രണ്ടിലേക്ക് വാട്ടർ ടാക്‌സി സർവീസ് ആരംഭിച്ചു. യാസ് മറീന, അൽബന്ദർ ബീച്ച്, യാസ് ബേ എന്നിവിടങ്ങളിലേക്കാണ് ജലഗതാഗത സേവനം. അബുദാബി പോർട്ട് ഗ്രൂപ്പ്, അബുദാബി മാരിടൈം, മിറൽ അസസ്‌മെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാർഥ്യമാക്കിയത്. 5 ദിർഹമാണ് ടിക്കറ്റ് നിരക്ക്. 12 വയസ്സിൽ താഴെയുള്ളവർക്ക് സൗജന്യം. ഒരു സർവീസ് ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും രണ്ടാമത്തെ സർവീസ് വൈകിട്ട് 5 മുതൽ രാത്രി 11വരെയുമാണുണ്ടാവുക.

…………………………………

Leave a Reply

Your email address will not be published. Required fields are marked *