വാർത്തകൾ ഒറ്റനോട്ടത്തിൽ

മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നൊരുക്കം തുടങ്ങി കോൺഗ്രസ്. 2023 ആദ്യം തെരഞ്ഞ‌െടുപ്പ് പ്രതീക്ഷിക്കുന്ന മേഘാലയ, നാഗാലാൻഡ്, ത്രിപുര സംസ്ഥാനങ്ങളിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് മുന്നൊരുക്കം തുടങ്ങിയത്. ഈ മൂന്ന് സംസ്ഥാനങ്ങളിലും നിരീക്ഷകരെ നിയോഗിച്ചെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. മുകുൾ വാസ്നിക് ആയിരിക്കും പൊതുനിരീക്ഷകൻ.

……………………………………….

ഇന്ത്യയെ മാറ്റിമറിക്കാൻ ലക്ഷ്യമിട്ടിറങ്ങിയ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ മുന്നിൽ നിശ്ചയ ദാർഢ്യത്തോടെ നിന്ന വ്യക്തിയാണ് ഗുരു ഗോവിന്ദ് സിങ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് സ്റ്റേഡിയത്തിൽ നടന്ന വീർ ബാൽ ദിവാസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഔറംഗസേബിന്റെ പടനീക്കത്തെ മലപോലെ ചെറുത്ത വ്യക്തിയായിരുന്നു ഗോവിന്ദ് സിങ് എന്നും മോദി അനുസ്മരിച്ചു. ഗുരുഗോവിന്ദ് സിങ്ങിന്റെ കുട്ടികളെ വാൾമുനയിൽ നിർത്തി മതംമാറ്റാനായിരുന്നു ഔറംഗസേബിന്റെ പദ്ധതിയെന്നും മോദി ആരോപിച്ചു.

……………………………………….

ഉന്തിയ പല്ലിൻ്റെ പേരിൽ അട്ടപ്പാടിയിലെ ആദിവാസി യുവാവിന് സർക്കാർ ജോലി നിഷേധിച്ച സംഭവത്തിൽ എസ്‍സി എസ്ടി കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഇടപെടൽ.

……………………………………….

പോക്സോ ഇരകളടക്കം രക്ഷപ്പെട്ട കോട്ടയത്തെ നിർഭയ കേന്ദ്രം പൂട്ടാൻ ഉത്തരവ്. വനിത ശിശു വികസന വകുപ്പാണ് കേന്ദ്രം പൂട്ടാൻ ഉത്തരവിട്ടത്. പുതിയ നിർഭയ കേന്ദ്രം തുടങ്ങാൻ മറ്റൊരു എൻജിഒയെ കണ്ടെത്തും. ഇക്കഴിഞ്ഞ നവംബറിലാണ് കോട്ടയത്തെ നിർഭയ കേന്ദ്രത്തിൽ നിന്ന് കൗമാരക്കാരായ ഒമ്പത് പെൺകുട്ടികൾ രക്ഷപ്പെട്ടത്.

……………………………………….

ഇടുക്കിയിൽ പതിമൂന്ന് കാരിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ രണ്ടാനച്ഛന് 19 വർഷം കഠിന തടവും 35000 രൂപ പിഴയും ശിക്ഷ വിധിച്ചു. മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചെമ്പകപ്പാറയിൽ നടന്ന സംഭവത്തിൽ അടിവാട് സ്വദേശിയായ മധ്യവയസ്കനെയാണ് ശിക്ഷിച്ചത്.

……………………………………….

ആത്മഹത്യ ചെയ്തുവെന്ന് സംശയിക്കുന്ന ടെലിവിഷൻ താരം തുനിഷ ശർമയും ആരോപണവിധേയനായി പോലീസ് കസ്റ്റഡിയിലുള്ള ഷീസാൻ ഖാനും തുനിഷ മരിച്ച ദിവസം ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ചതായി റിപ്പോർട്ടുകൾ. തുനിഷ അഭിനയിച്ചുകൊണ്ടിരുന്ന പരമ്പരയിലെ സഹതാരമായിരുന്നു ഷീസാൻ ഖാൻ. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധം തകർന്നതാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

……………………………………….

ഓപ്പറേഷൻ കമല കേസ് അന്വേഷണം സിബിഐക്ക് വിട്ട് തെലങ്കാന ഹൈക്കോടതി. കേസ് അന്വേഷിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടു. 100 കോടി വീതം നൽകി ടിആർഎസ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചെന്നതാണ് കേസ്.

……………………………………….

സന്തോഷ് ട്രോഫി ഫുട്‌ബോളിൽ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് തകർപ്പൻ തുടക്കം. കോഴിക്കോട് ഇ.ഇം.എസ് സ്‌റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ കേരളം എതിരില്ലാത്ത ഏഴുഗോളിന് രാജസ്ഥാനെ തകർത്തു. കേരളത്തിനായി വിഘ്നേഷും നരേഷും റിസ്വാനും ഇരട്ടഗോൾ നേടിയപ്പോൾ നിജോ ഗിൽബർട്ടും ടീമിനായി വലകുലുക്കി. ഈ വിജയത്തോടെ കേരളം ഗ്രൂപ്പ് രണ്ടിൽ ഒന്നാമതെത്തി. ഡിസംബർ 29 നാണ് അടുത്ത മത്സരം. അതിൽ ബിഹാറാണ് കേരളത്തിന്റെ എതിരാളികൾ.

………………………………………

Leave a Reply

Your email address will not be published. Required fields are marked *