പലസ്തീനെ അംഗീകരിക്കാതെ ഇസ്രയേലുമായി ബന്ധമില്ല; നിലപാട് ആവർത്തിച്ച് സൗദി അറേബ്യ

പലസ്തീനെ അംഗീകരിക്കാതെ ഇസ്രായേലുമായി ബന്ധം സാധ്യമാകില്ലെന്ന് സൗദി അറേബ്യ വീണ്ടും അമേരിക്കയെ അറിയിച്ചു. സൗദിയുടെ നിലപാട് പേര് വെളിപ്പെടുത്താത്ത നയതന്ത്രജ്ഞനാണ് പ്രാദേശിക മാധ്യമത്തോട് പങ്കുവെച്ചത്. ഇസ്രയേലിനെ അംഗീകരിച്ചാൽ സൗദിക്കെതിരെയുണ്ടാകുന്ന സുരക്ഷാ ഭീഷണി തടയാൻ യുഎസിന് പോലും സാധിക്കില്ലെന്നും മുതിർന്ന നയതന്ത്രജ്ഞൻ പറഞ്ഞു. ദ്വിരാഷ്ട്ര ഫോർമുല അംഗീകരിക്കാത്ത ഇസ്രയേലിന്റെ നടപടി സ്വന്തം കാലിൽ വെടിവെക്കുന്നതിന് തുല്യമാണെന്നും സൗദി നയതന്ത്രജ്ഞൻ മുന്നറിയിപ്പ് നൽകി.

സൗദിയുമായി ഇസ്രയേലിന്റെ ബന്ധം പുനസ്ഥാപിക്കാൻ യുഎസ് ശ്രമം തുടരുന്നതിനിടെയാണ് സൗദി വീണ്ടും നിലപാട് വ്യക്തമാക്കിയത്. സൗദി അറേബ്യ യുഎസിന് നൽകിയ മറുപടിയുടെ വിശദാംശങ്ങൾ പേരുവെളിപ്പെടുത്താത്ത സൗദിയിലെ മുതിർന്ന നയതന്ത്രജ്ഞൻ പ്രാദേശിക മാധ്യമങ്ങളോട് പങ്കുവെച്ചു.

ഇസ്രയേലുമായി സൗദിയെ അടുപ്പിക്കാനാണ് അമേരിക്കയുടെ ശ്രമം. എന്നാൽ അതിന്റെ പേരിൽ സൗദിക്കുണ്ടാകുന്ന സുരക്ഷാ ഭീഷണി തടയാൻ യുഎസിനാകില്ല. സൗദിക്കുള്ള ആയുധ കരാറുകൾക്ക് പോലും യുഎസ് വിലങ്ങായി നിൽക്കുകയാണ്. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നയതന്ത്രജ്ഞന്റെ തുടർന്നുള്ള വാക്കുകൾ. ഒക്ടോബർ ഏഴിലുണ്ടായതുപോലുള്ള ആക്രമണം പോലുള്ളവ തടയാൻ ഇസ്രയേലിനുള്ള വഴി സമാധാന പാത അംഗീകരിച്ച് അറബ് രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കലാണ്. ഇസ്രയേലുമായി സൗദി ബന്ധത്തിന് തയ്യാറാണ്. അതിന് പലസ്തീനെ അംഗീകരിച്ചേ പറ്റൂ.

ഈ നിലപാട് സൗദി യുഎസിനെ അറിയിച്ചിട്ടുണ്ട്. പലസ്തീനെ അംഗീകരിക്കില്ലെന്നായിരുന്നു നേരത്തെയുള്ള യുഎസ് നിലപാട്. ആ കടുംപിടുത്തം യുഎസ് ഇപ്പോൾ ഉപേക്ഷിച്ചിട്ടുണ്ട്. ഇസ്രയേലും അതിന് തയ്യാറായാൽ മേഖലയിൽ സമാധാനമുണ്ടാകും. പലസ്തീൻ വിഷയത്തിൽ ഐക്യ സർക്കാർ രൂപീകരിക്കാൻ അറബ് രാജ്യങ്ങളുടെ പിന്തുണയുണ്ടാകും. പലസ്തീൻ രാഷ്ട്രം പിറക്കാതെ മേഖലയിൽ സമാധാനമുണ്ടാകില്ല.

അത് അംഗീകരിക്കാൻ കൂട്ടാക്കാത്ത ഇസ്രയേൽ സ്വന്തം കാലിൽ വെടിവെക്കുന്ന നടപടിയാണ് ഇപ്പോൾ ചെയ്യുന്നതെന്നും സൗദി നയതന്ത്രജ്ഞൻ അറബ് മാധ്യമത്തോട് പറഞ്ഞു. പലസ്തീൻ രാഷ്ട്രം പിറക്കാതെ ഇസ്രയേലുമായി കൂട്ടുകൂടാനാകില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *