‘പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10 കിലോഗ്രാം റേഷന്‍ സൗജന്യമായി നല്‍കും’; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കേന്ദ്രത്തില്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10 കിലോഗ്രാം റേഷന്‍ സൗജന്യമായി നല്‍കുമെന്ന് കോണ്‍ഗ്രസ്. എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രഖ്യാപനം നടത്തിയത്. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനൊപ്പം ലഖ്‌നൗവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം. മാത്രമല്ല ജൂണ്‍ നാലിന് കേന്ദ്രത്തില്‍ ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

രാജ്യത്ത് തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങള്‍ കഴിഞ്ഞു. ഇന്ത്യ മുന്നണി ശക്തമായ നിലയിലാണ്. നരേന്ദ്ര മോദിയോട് വിടപറയാന്‍ രാജ്യത്തെ ജനങ്ങള്‍ തയ്യാറായിക്കഴിഞ്ഞുവെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ജൂണ്‍ നാലിന് ഇന്ത്യ മുന്നണി പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പോകുകയാണെന്നും ഖാര്‍ഗെ പറഞ്ഞു.

വീണ്ടും അധികാരത്തിലെത്തിയാല്‍ ബി ജെ പി ഭരണഘടന മാറ്റുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടിയാല്‍ ഭരണഘടന മാറ്റുമെന്നാണ് കര്‍ണാടകയില്‍ പറഞ്ഞതെന്നും ഉത്തര്‍പ്രദേശില്‍ നിരവധി ബി.ജെ.പി നേതാക്കള്‍ ഭരണഘടന മാറ്റുന്നതിനെ കുറിച്ച് സംസാരിക്കുന്നുവെന്നും ഇക്കാര്യത്തില്‍ മോദി മൗനം പാലിക്കുന്നത് എന്നെ ആശ്ചര്യപ്പെടുത്തിയെന്നും ഖാർ​ഗെ പറഞ്ഞു. കൂടാതെ 56 ഇഞ്ച് നെഞ്ചളവിന്റെ കരുത്തിനേക്കുറിച്ച് വാചാലരാകുന്ന നിങ്ങള്‍ എന്തുകൊണ്ട് അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *